UAE Lottery : മിര്‍സ ഒമൈര്‍ ബെയ്ഗ്, യുഎഇ ലോട്ടറിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ആദ്യ വിജയിയുടെ പേര് ഇദ്ദേഹത്തിന്റേതാണ്. യുഎഇ ലോട്ടറിയുടെ ഗോള്‍ഡന്‍ 7 സ്ക്രാച്ച് കാര്‍ഡ് നറുക്കെടുപ്പിലെ ആദ്യ വിജയിയാണ് ബെയ്ഗ്. 100,000 ദിര്‍ഹമാണ് ബെയ്ഗിന് സമ്മാനമായി ലഭിച്ചത്. ദി ഗെയിം എൽഎൽസി നടത്തുന്ന യുഎഇ ലോട്ടറി, സമ്മാനങ്ങളുടെ ഒരു ശ്രേണി തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.
പങ്കെടുക്കുന്നവർക്ക് ലോട്ടറി നമ്പറുകൾ സ്വന്തമായി തെരഞ്ഞെടുക്കാം. അല്ലെങ്കിൽ, റാൻഡം ജനറേറ്റർ ഉപയോഗിക്കാം. ഒരു ദശലക്ഷം ദിർഹം വരെയുള്ള സമ്മാനങ്ങൾക്ക് സ്ക്രാച്ച് കാർഡുകൾ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്. ഈ കാർഡുകളുടെ നിരക്കുകൾ അഞ്ച് ദിർഹം മുതൽ ആരംഭിക്കുന്നു. ഇത് 50,000 ദിർഹം വരെ നേടാനുള്ള അവസരം നൽകുന്നു.
10 ദിർഹത്തിന്റെ കാർഡുകൾക്ക് ഉയർന്ന സമ്മാനം 100,000 ദിർഹം, 20 ദിർഹത്തിന് 300,000 ദിർഹം, 50 ദിർഹം വിലയുള്ള കാർഡുകൾക്ക് 1 മില്യൺ ദിർഹം എന്നിങ്ങനെ നേടാം. ജാക്ക്പോട്ടിന് പുറമേ, ഏഴ് ‘ലക്കി ചാൻസ് ഐഡിക‘ളില്‍ 100,000 ദിർഹം വീതം നേടാം.
ആദ്യ നറുക്കെടുപ്പ് നടന്ന ഡിസംബർ 14 ന് വിജയിച്ച നമ്പറുകൾ പ്രഖ്യാപിക്കുന്നത് തത്സമയം കാണാൻ ആയിരക്കണക്കിന് കാഴ്ചക്കാർ വന്നു. ലോട്ടറിയുടെ ഒന്നാം സമ്മാനം 100 ദശലക്ഷം ദിർഹവും രണ്ടാം സമ്മാനം 1 ദശലക്ഷം ദിർഹവും ആരും തന്നെ നേടിയില്ല. എന്നാല്‍, 28,000-ത്തിലധികം ആളുകൾ 100 ദിർഹം വീതം നേടി.