Dubai new year celebration;ദുബായ് പുതുവത്സര വെടിക്കെട്ട്; കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഇടങ്ങള്‍;എവിടെയൊക്കെ? അറിയാം

Dubai new year celebration;ദുബായ്: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ദുബായില്‍ നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഏരിയകള്‍ നിശ്ചയിച്ച് അധികൃതര്‍. ബുര്‍ജ് ഖലീഫ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് ഹില്‍സ് എസ്റ്റേറ്റ് എന്നീ രണ്ടിടങ്ങളിലാണ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേകം കാഴ്ചാ ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഡൗണ്‍ ടൗണ്‍ ദുബായില്‍, സന്ദര്‍ശകര്‍ക്ക് വലിയ സ്‌ക്രീനുകളും ബുര്‍ജ് പാര്‍ക്കും സഹിതം കരിമരുന്ന് പ്രകടനം, ലൈറ്റിങ്, ലേസര്‍ ഷോകള്‍, ജലധാരകള്‍, സംഗീതം എന്നിവ ആസ്വദിക്കാം. അതേസമയം, ദുബായ് ഹില്‍സ് എസ്റ്റേറ്റില്‍ ഡിജെ ഷോകള്‍, സ്‌ക്രീനുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ലൈവ് ആര്‍ട്ട് ഷോകള്‍ എന്നിവ ഒരുക്കും.

ഡൗണ്‍ടൗണ്‍ ദുബായിലെ കുടുംബങ്ങള്‍ക്കായി, ദ ബൊളിവാര്‍ഡ്, ആക്റ്റ് 1, 2, സൗത്ത് റിഡ്ജ്, ഓള്‍ഡ് ടൗണ്‍, കാസ്‌കേഡ് ഗാര്‍ഡന്‍ എന്നീ മേഖലകളാണ് നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. റൂഫ് ഹോട്ടല്‍ പരിസരം, ബുര്‍ജ് വിസ്തയ്ക്കു പിറകുവശം, ബുര്‍ജ് വ്യൂസിന് സമീപം, സബീല്‍ മാളിന് സമീപം, വിദ റെസിഡന്‍സിക്ക് പിറകുവശം എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാച്ചിലര്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റും ഓപ്പറ ഗ്രാന്‍ഡിലെ രണ്ടാം നമ്പര്‍ ഗേറ്റുമാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ആറ് ഗേറ്റുകള്‍ കുടുംബങ്ങള്‍ക്കായും ഒരു ഗേറ്റ് റിസേര്‍വ്ഡ് ആയും മാറ്റിവച്ചിരിക്കുന്നു.

ആഗോള തലത്തില്‍ പ്രധാന പുതുവത്സരാഘോഷ കേന്ദ്രമായി വിലയിരുത്തപ്പെടുന്ന ദുബായ് നഗരത്തിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നത് പ്രമാണിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഇടങ്ങള്‍ ആസ്വാദനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.
ദുബായ് പുതുവത്സര വെടിക്കെട്ട്; കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഇടങ്ങള്‍

ആഘോഷ പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, 8,000 ലധികം പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 10,000 ത്തിലധികം ഉദ്യോഗസ്ഥരെയും പ്രദേശത്തുടനീളം 33 സുരക്ഷാ ടെന്‍റുകളും അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്. 200 ലധികം ആംബുലന്‍സുകളും 1,800 മെഡിക്കല്‍ സ്റ്റാഫുകളും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജരായിരിക്കും. 10 ആശുപത്രികളുടെ പിന്തുണയോടെ അടിയന്തര പരിചരണത്തിനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളില്‍ ഗതാഗത നിയന്ത്രണവും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31 ന് വൈകുന്നേരം 4 മണിക്ക് നിയന്ത്രണം ആരംഭിക്കും. കാലതാമസം ഒഴിവാക്കാന്‍ അതിഥികള്‍ 4 മണിക്ക് മുമ്പ് വേദിയില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top