Flight ticket booking; വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത് ജനുവരി ആറിനാണ്.
ശൈത്യകാല അവധിയും ക്രിസ്മസും പുതുവത്സരാഘോഷവും മുന്നിൽക്കണ്ട് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയതിനാൽ പല പ്രവാസികളും യാത്ര വേണ്ടെന്നുവെച്ചിരുന്നു. ഡിസംബർ ആദ്യവാരങ്ങളിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് ഇതുപോലെ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നത് ചില വിമാന കമ്പനികൾ പെട്ടെന്ന് കുറച്ചത് പ്രവാസികൾക്ക് ആശ്വാസമായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ 500 ദിർഹം വരെയായി ചില വിമാന കമ്പനികൾ നിരക്ക് കുറച്ചിരുന്നു.
ജനുവരി ആദ്യത്തിൽ കോഴിക്കോട്ടുനിന്ന് 555 ദിർഹമിനും കൊച്ചിയിൽനിന്ന് 825 ദിർഹമിനും കണ്ണൂരിൽനിന്ന് 600 ദിർഹമിനും, തിരുവനന്തപുരത്തുനിന്ന് 1100 ദിർഹമിനും നിലവിൽ ടിക്കറ്റ് ലഭ്യമാണ്. ആഴ്ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന നിരക്ക് നൽകിയാണ് ടിക്കറ്റ് എടുത്തിരുന്നത്.ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ തിരുവനന്തപുരത്തുനിന്ന് 1400 മുതൽ 2700 ദിർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും, കോഴിക്കോട്ടുനിന്ന് 860 മുതൽ 2055 ദിർഹമും, കണ്ണൂരിൽനിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് വിവിധ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്.