Virus in China; ബെയ്ജിങ്: ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ വൈറസ് വ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സോഷ്യമീഡിയ പോസ്റ്റുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യല്‍മീഡിയ പോസ്റ്റുകള്‍. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) എന്ന വൈറസ് പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
തിരക്കേറിയ ആശുപത്രികളില്‍ മാസ്ക് ധരിച്ച രോഗികളുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ SARS‑CoV‑2 (COVID-19) എന്ന എക്സ് ഹാന്‍ഡിലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ചൈനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ന്യുമോണിയ ബാധ ഉയരുന്നതായും രോഗബാധയെ തുടര്‍ന്ന് ചൈനയില്‍ ആരോഗ്യഅടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, വാര്‍ത്ത ലോകാരോഗ്യ സംഘടനയോ ചൈനയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ എച്ച്എംപിവി കേസുകള്‍ വര്‍ധിക്കുന്നെന്ന് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.