ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഭാര്യയുടെ കൈയൊടിച്ചയാൾക്ക് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ഭര്‍ത്താവിന് മൂന്നുമാസം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും.
ആക്രമണത്തെ തുടർന്ന് യുവതിയുടെ കൈയ്ക്ക് മൂന്നുശതമാനം സ്ഥിരവൈകല്യമുണ്ടായതായി കണ്ടെത്തി. ജൂലായ് ഒന്നിനാണ് ഏഷ്യക്കാരായ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായത്. ഡ്രൈവിങ്ങിനിടെ ഇരുവർക്കുമിടയിലെ വാക്കുതർക്കം രൂക്ഷമാകുകയായിരുന്നു.
പ്രകോപിതനായ ഭർത്താവ് ഇടതുകൈ ശക്തമായി വളച്ചൊടിക്കുകയും വാഹനത്തിന്റെ പിൻസീറ്റിലേക്ക് യുവതിയെ തള്ളുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ യുവതി ചികിത്സ തേടി. യുവതിയുടെ കൈയെല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു.