business registration in uae; അബൂദബി: ബിസിനസ് റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനായി പുതിയ റജിസ്ട്രേഷൻ ആൻഡ് ലൈസൻസ് അതോറിറ്റി ആരംഭിച്ച് അബൂദബി. സാമ്പത്തിക വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അതോറിറ്റി, സ്വതന്ത്രവ്യാപാര മേഖലകൾക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഏകീകൃത ഡേറ്റ ബേസും വികസിപ്പിക്കും.
അബൂദബി എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ബിസിനസ് റജിസ്ട്രേഷന് മേൽനോട്ടം വഹിക്കുക, ലൈസൻസിങ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, സംശയാസ്‌പദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകളുമായി സഹകരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അതോറിറ്റി പരിശോധിക്കും.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് മേഖലയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനും അതോറിറ്റി സഹായിക്കും. പുതിയതരം ലൈസൻസുകൾ അവതരിപ്പിച്ച് പ്രതിഭകൾ, നിക്ഷേപകർ, സംരംഭകർ തുടങ്ങിയവരെ അബൂദബിയിലേക്ക് ആകർഷിക്കുകയും, എമിറേറ്റിൻ്റെ ശക്തവും വൈവിധ്യവുമായ സമ്പദ് വ്യവസ്‌ഥയുടെ പ്രയോജനം നേടാൻ അവരെ സഹായിക്കുകയും ചെയ്യും. അബൂദബിയുടെ സാമ്പത്തികവളർച്ചയും വൈവിധ്യവൽക്കരണവും ത്വരിതപ്പെടുത്തുന്നതിന് ഇതു സഹായിക്കുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി വ്യക്തമാക്കി.