റാസൽഖൈമയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ജനുവരി 20 മുതൽ ഉടമയുടെ വീട്ടിൽ തന്നെ ”സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം ” വഴി സൂക്ഷിക്കാവുന്നതാണെന്ന് പോലീസ് അറിയിച്ചു. വാഹന ഉടമകൾക്ക് അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ കണ്ടുകെട്ടിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സേവനം സജീവമാക്കുമെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.
കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തെ പോലീസിന്റെ യാർഡിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഫീസ് അല്ലെങ്കിൽ പിഴതുക അടച്ചാൽ തിരികെ നൽകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ നിയമലംഘനം നടത്തി വാഹനങ്ങൾ കണ്ടുകെട്ടേണ്ടി വന്നാൽ ജനുവരി 20 മുതൽ ഉടമയ്ക്ക് വീട്ടിൽ അല്ലെങ്കിൽ കസ്റ്റഡിയിൽ വാഹനത്തിന് ഒരു ഇലക്ട്രോണിക് സ്മാർട്ട് ലോക്ക് നിരീക്ഷണത്തിൻ്റെ ഉറപ്പോടെ സൂക്ഷിക്കാവുന്നതാണ്.
ഇങ്ങനെ ഉടമയുടെ കസ്റ്റഡിയിൽ സൂക്ഷിക്കുന്ന വാഹനത്തിന്റെ എല്ലാം പ്രവർത്തനങ്ങളും പോലീസിന് നിരീക്ഷിക്കാനാകും. വാഹനം തിരിച്ചെടുക്കാനുള്ള പിഴത്തുക അടക്കുന്ന കാലയളവിൽ മുഴുവൻ ഉടമയ്ക്ക് വാഹനത്തിന്റെ ദീർഘകാല പാർക്കിങ്ങിൻ്റെ കേടുപാടുകളിൽ നിന്ന് സുരക്ഷ നിലനിർത്താനും വാഹനങ്ങൾ ശ്രദ്ധിക്കാനും ഇടയ്ക്കിടെ എഞ്ചിൻ പ്രവർത്തിപ്പിക്കാനും ഈ സേവനം അനുവദിക്കുന്നുവെന്ന് മേജർ ജനറൽ അൽ നുഐമി വ്യക്തമാക്കി.