Uae weather alert;അബുദാബി: യുഎഇയിലുടനീളം ഇന്ന് മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്തുടനീളം ഇന്ന് നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നലെ ദുബായിൽ മഴ പെയ്‌തതോടെ അതിന് സമീപത്തുള്ള അബുദാബിയിലെ പ്രദേശങ്ങളിലും മഴ ലഭിച്ചു.
ഇന്ന് അബുദാബിയിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു. മൂടൽമഞ്ഞ് ശക്തമായതോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് റെഡ് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വടക്ക് പടിഞ്ഞാറ് – വടക്ക് കിഴക്കൻ മേഖലകളിൽ നേരിയ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ചിലപ്പോൾ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയേക്കാം.