uae jobs;അബുദാബി: യുഎഇയിൽ ജോലി തേടുന്നവർക്ക് വൻ അവസരമൊരുക്കി കൂടുതൽ വൈറ്റ് കോളർ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കവുമായി അബുദാബി. സർക്കാർ സ്ഥാപനങ്ങൾ, ബിസിനസ് മാനേജ്‌മെന്റ്, കൺസൾട്ടിംഗ്, അക്കാഡമി, സയൻസ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ ജോലികളെയാണ് വൈറ്റ് കോളർ ജോബ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്ളൂ കോളർ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് മറ്റൊരു തീരുമാനം. ഫാക്‌ടറി, ഖനി, നിർമാണം, വെൽഡിംഗ്, ഇലക്ട്രിക്കൽ രംഗത്തെ തൊഴിലാളികളെയാണ് ബ്ളൂ കോളർ തൊഴിലാളികൾ എന്ന് വിളിക്കുന്നത്. ‘ബ്ളൂ കോളർ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. നമ്മൾ എപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കും. അബുദാബിക്ക് ശരിക്കും ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ഉദ്ദാഹരണത്തിന് വെർട്ടിക്കൽ-ഫാമിംഗ് സാങ്കേതികവിദ്യകൾ ഉള്ള കമ്പനികളെയാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്’-അബുദാബി ഡിപ്പാർട്ട്‌മെന്റ് ഒഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ട് ചെയർമാൻ മൊഹമ്മദ് അൽ ഷൊറാഫ വ്യക്തമാക്കി.
അബുദാബിയിൽ 46 ശതമാനം വൈറ്റ് കോളർ തൊഴിലാളികളും 54 ശതമാനം ബ്ളൂ കോളർ തൊഴിലാളികളുമാണുള്ളത്. 2011ന് ശേഷം 109 ശതമാനം വർദ്ധനവാണ് വൈറ്റ് കോളർ തൊഴിൽ രംഗത്തുണ്ടായത്. ബ്ളൂ കോളർ രംഗത്ത് 65 ശതമാനവും. 2040ഓടെ വൈറ്റ് കോളർ ജനസംഖ്യ ഇരട്ടിയാക്കാനാണ് നീക്കമെന്നും ചെയർമാൻ പറഞ്ഞു. അറിവിലും നവീകരണത്തിലും അധിഷ്ഠിതമായ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനും രാജ്യത്ത് സ്ഥാപിക്കുന്നതിനുമാണ് യുഎഇ ഫെഡറൽ സർക്കാർ ശ്രമിക്കുന്നത്. ഇതിന് കൂടുതൽ വൈറ്റ് കോളർ പ്രൊഫഷണലുകളെ ആവശ്യമാണ്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയെ അടുത്ത ഘട്ട വളർച്ചയിലേക്ക് നയിക്കാനാകുമെന്നും തൊഴിൽ വിദഗ്ദ്ധർ വിലയിരുത്തുന്നു.
