യുഎഇയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ദുബായിലെ അൽ ബരാരിയിൽ മുഹമ്മദ് ബിൻ സായിദ് റോഡിലെ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. തീ അധികൃതർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.

മുകളിലത്തെ നിലയിൽനിന്ന് തീജ്വാലകൾ പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 1.27 ന് സംഭവം റിപ്പോർട്ട് ചെയ്തതിന് ആറ് മിനിറ്റുകൾക്ക് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയത്.
ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ആളുകളെ ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചു. ഉച്ചയ്ക്ക് 2.45 ന് അവർ തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്ലോബൽ വില്ലേജ് എക്സിറ്റിനു ശേഷം റോഡിന്‍റെ എതിർവശത്തായിരുന്നു കെട്ടിടമെന്ന് ഷാർജയിലേക്ക് തിരികെ കാറിൽ പോകുകയായിരുന്ന ദൃക്‌സാക്ഷി മുഹമ്മദ് കാഷിഫ് ഖാൻ പറഞ്ഞു.
