AbuDhabi Double Murder; അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം എന്നീ കേസുകളിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെ സഹോദരൻ്റെ കബറിടത്തിൽ പോയി പ്രാർഥിക്കാൻ അനുമതി നൽകി കോടതി. ഇതിനായി കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു നിലമ്പൂരിൽ കൊണ്ടുവന്നു. 4 ദിവസം മുൻപ് ഗോവയിൽ മരിച്ച കൂട്ടുപ്രതി കൈപ്പഞ്ചേരി ഫാസിലിൻ്റെ കബറിടം സന്ദർശിച്ച് പ്രാർഥിക്കണമെന്ന ഷൈബിൻ്റെ അപേക്ഷയിൽ മഞ്ചേരി സെഷൻസ് കോടതിയുടെ അനുമതി പ്രകാരമാണ് ജില്ലാ ജയിലിലെ എസ്ഐയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ കൊണ്ടുവന്നത്. രണ്ട് കേസുകളിലും കൂട്ടുപ്രതിയായ ഫാസിൽ ഒളിവിൽ കഴിയുന്നതിനിടെ വൃക്കരോഗം മൂർച്ഛിച്ച് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

22ന് മൃതദേഹം നിലമ്പൂരിൽ കൊണ്ടുവന്നു വലിയ ജുമാ മസ്ജിദിൽ കബറടക്കി. ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നു തട്ടിക്കൊണ്ടുവന്ന് ചങ്ങലക്കിട്ടു തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിലാണ് കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കിയെന്നാണു കേസ്.2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മർദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറയുകയായിരുന്നു. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്. ഷൈബിന്റെ നിർദേശപ്രകാരം ഫാസിൽ ഉൾപ്പെടെ ചേർന്നു കൊലപ്പടുത്തിയെന്നാണ് കേസ്. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തതായി തെളിവുകൾ സൃഷ്ടിച്ച് പ്രതികൾ ഇന്ത്യയിലേക്കു കടന്നു. കൂട്ടാളികളായിരുന്ന ബത്തേരി സ്വദേശികൾ ഷൈബിനുമായി പിണങ്ങിയതാണ് കൊലപാതകങ്ങൾ പുറത്തറിയാനിടയാക്കിയത്