Cyber fraud alert:അബുദാബി: റമദാനോട് അനുബന്ധിച്ച് മത്സരത്തില്‍ സമ്മാനം നേടിയെന്ന് അറിയിച്ച് പണം തട്ടിപ്പിന് ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. റമദാനോട് അനുബന്ധിച്ചുള്ള വ്യാജ മത്സരങ്ങളില്‍ വഞ്ചിതരാകരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മത്സരത്തില്‍ വിജയിച്ചെന്ന നിലയിലാണ് തട്ടിപ്പുകാര്‍ ആളുകളെ ബന്ധപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അംഗീകൃതമല്ലാത്ത ചാരിറ്റികളിലേക്കുള്ള വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അബുദാബി പൊലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാശ്ദിയും ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ റാഷിദ് ഖാലിദ് അല്‍ സഹാരിയും ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവരെ സഹായിക്കാനായി ഔദ്യോഗിക ജീവകാരുണ്യ സംഘടനകളുമായി ബന്ധപ്പെടണമെന്നും സഹാരി ആവശ്യപ്പെട്ടു.

റമദാൻ സമയത്ത് ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയത്. ഇന്‍ഷുറന്‍സ് ദാതാക്കള്‍, റെസ്റ്റോറന്റുകൾ, ചില്ലറ വ്യാപാരികള്‍ തുടങ്ങി അറിയപ്പെടുന്ന കമ്പനികളുടെ വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കിയും തട്ടിപ്പുസംഘം പണം തട്ടും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഫറുകള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇരകളുടെ അക്കൗണ്ടിലെ പണം സംഘം തട്ടിയെടുക്കുകയും ചെയ്യും. ആഘോഷ വേളകളിലും ഔദ്യോഗിക പരിപാടികളുടെ സമയത്തുമാണ് തട്ടിപ്പുകാര്‍ വ്യാജ തൊഴില്‍ റിക്രൂട്ട്മെന്റ് പേജുകളും സാമൂഹിക മാധ്യമ പരിപാടികള്‍ സംഘടിപ്പിച്ചും തട്ടിപ്പ് നടത്തുന്നത്.വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.അക്കൗണ്ടുകള്‍ക്ക് ഊഹിക്കാനാവാത്ത വിധമുള്ള പാസ് വേഡുകള്‍, മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന് മുതലായ രീതികള്‍ അവലംബിക്കണമെന്നും കൗണ്‍സില്‍ ഓര്‍മപ്പെടുത്തി.
തട്ടിപ്പിനിരയായാല്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കണം. ബാങ്ക് അക്കൗണ്ട് വിശദാംശം ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചാലും ഈ വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയോ 8002626 എന്ന സുരക്ഷാ സര്‍വിസ് നമ്പറില്‍ വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം[email protected] എന്ന മെയിലിലും അബുദാബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം അറിയിക്കാം

