Flight travel: മനുഷ്യനോടൊപ്പം ജനിച്ച അടിസ്ഥാനപരമായ ഒരു വികാരം കൂടിയാണല്ലോ ഭയം. പലര്‍ക്കും പല തരത്തിലുള്ള ഭയം അവരുടെ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടി കൊണ്ടിരിക്കും. നാട്ടിലും ഓഫീസിലും പുലിയായ പലരും പൂച്ചപ്പേടി മൂലം പതുങ്ങിപ്പോകുന്ന വാര്‍ത്ത പലതവണ കേട്ടിരിക്കും. എന്തിന് പത്തു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത നാസിപ്പടയുടെ തലവന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പേടിച്ചുവിറച്ചിരുന്നത് പൂച്ചയെ കാണുമ്പോള്‍ ആയിരുന്നു. ഇത്തരത്തില്‍ രസകരമായ ഒരു ഭയത്തിന്റെ വാര്‍ത്തയാണ് യുഎഇയില്‍ വൈറല്‍.

വിമാനത്തില്‍ യാത്ര ചെയ്യുന്നതു കാരണം യുവാവിന് വീടെത്താന്‍ കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങള്‍. ദുബൈയില്‍ വസിച്ചിരുന്ന യുവാവിനാണ് വിമാന യാത്രകളോടുള്ള അമിത ഭയം കാരണം വീട്ടിലെത്താന്‍ അഞ്ചു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നത്. ഒടുവില്‍ ദുബൈ വിമാനത്താവള അധികൃതരുടെ സഹായത്തോടെയാണ് യുവാവ് വിജയകരമായി വിമാനയാത്ര നടത്തി വീട്ടിലെത്തിയത്.
ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ സര്‍വീസ് ഡെലിവറി ഡ്യൂട്ടി ഓഫീസറായ അഹമ്മദ് അബ്ദുള്‍ബാഖി ഈ അസാധാരണ കഥ വിവരിക്കുന്നത് ഇങ്ങനെ, ‘ഒരിക്കല്‍ വിമാനത്താവളത്തില്‍ ഒരാള്‍ ഓടുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു, എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. അഞ്ചാം തവണയും അവര്‍ തന്റെ സഹോദരന് വീട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, എന്നാല്‍ ഓരോ തവണയും അവര്‍ വിമാനത്താവളത്തില്‍ വരുമ്പോള്‍ വിമാന യാത്ര ഭയന്ന് അയാള്‍ വിഷമിക്കുകയും വിമാനയാത്ര നടത്താന്‍ വിസമ്മതിക്കുകയും ചെയ്യുമായിരുന്നെന്ന് ആ മനുഷ്യന്‍ ഞങ്ങളോട് പറഞ്ഞു.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തന്റെ ഭയം മനസ്സിലാക്കുകയും ആ ഭയത്തെ മറികടക്കാന്‍ ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച്, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ദുബൈ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍, ഇയാളുടെ ഭയം മറികടക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയായിരുന്നു.
എല്ലാം നന്നായി അവസാനിച്ചു. അസാധ്യമെന്ന് തോന്നിച്ചത് സാധ്യമാകുമെന്ന് തോന്നിയ യാത്രക്കാരന്‍ ഒടുവില്‍ വീട്ടിലേക്ക് മടങ്ങാന്‍ വിമാനം കയറി. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം യുവാവിന്റെ സഹോദരന്‍ അബ്ദുല്‍ ബാഖിക്ക് ഒരു കുറിപ്പെഴുതി
‘ഞങ്ങള്‍ സുരക്ഷിതമായി വീട്ടിലെത്തി. എന്റെ സഹോദരന്‍ മുഴുവന്‍ വിമാന യാത്രയിലുടനീളം ശാന്തനായിരുന്നു. നിങ്ങള്‍ ശരിക്കും ഒരു മധ്യസ്ഥനും അല്ലാഹു ഞങ്ങള്‍ക്ക് വേണ്ടി അയച്ച ഒരു മാലാഖയുമായിരുന്നു,’ അദ്ദേഹം അബ്ദുല്‍ ബാഖിയെക്കുറിച്ച് എഴുതി.