Eid flight ticket rate;പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില;പുതിയ നീക്കം ഇങ്ങനെ


Eid flight ticket rate; ദുബൈ: പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളടിക്കാനായി കട്ടപ്പാരയുമായി ഇറങ്ങി വിമാനക്കമ്പനികള്‍. ഓരോ പെരുന്നാള്‍, വെക്കേഷന്‍ അവധികള്‍ക്കും മിക്ക പ്രവാസികളും ഒന്നുകില്‍ നാട്ടിലേക്ക് വരികയോ അല്ലെങ്കില്‍ കുടുംബത്തെ നാട്ടില്‍നിന്ന് എത്തിക്കുകയോ പതിവാണ്. ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
യുഎഇയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉള്ളത്. പെരുന്നാളിന് ഇന് 4- 5 ദിവസം മാത്രം ബാക്കിനില്‍ക്കെ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവ് മുന്‍രൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അതേ നിരക്കില്‍ തന്നെ യാത്ര ചെയ്യാനാകും. 

കഴിഞ്ഞമാസം ദുബൈയില്‍നിന്ന് കൊച്ചിയില്‍ പോയി വരാന്‍ ഒരാള്‍ക്ക് 14,000 രൂപ മാത്രം മതിയായിരുന്നു. എന്നാലിപ്പോഴിത് 45,000 രൂപയ്ക്ക് മുകളിലാണ്. മാതാപിതാക്കാളും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് നാട്ടില്‍ അവധി ആഘോഷിക്കുന്നതിന് പോയിവരാന്‍ ചുരുങ്ങിയത് ഒന്നര ലക്ഷത്തിലേറെ രൂപ ചെലവാകും. കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് 32,000 രൂപയാണ് ഒരാള്‍ക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഇതോടൊപ്പം തന്നെ നാട്ടില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മറ്റന്നാള്‍ (വ്യാഴാഴ്ച) കഴിഞ്ഞ് സ്‌കൂള്‍ വേനലവധിക്ക് പൂട്ടുകയാണ്. ഇക്കാരണത്താല്‍ ഗള്‍ഫിലുള്ളവര്‍ കുടുംബത്തെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ കുതിപ്പ്. ഏപ്രില്‍ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാന്‍ ഒരാള്‍ക്ക് ചെലവ് 60,000 രൂപയിലധികം വരും. നാലംഗ കുടുംബത്തിന് രണ്ട് ലക്ഷത്തിലേറെയും ചെലവ് വരും. 

ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഒരാള്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ ഈ മാസം 29ന് ദുബൈയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 46,000 രൂപയാണ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ അന്ന് തന്നെ ദുബൈയില്‍നിന്ന് കണ്ണൂരിലേക്ക് (മുംബൈ വഴി) യാത്ര ചെയ്യാന്‍ ഇന്‍ഡിഗോയില്‍ 16,000 രൂപ മാത്രമെ ഉള്ളൂവെന്നും കാണിക്കുന്നു. ഏറെക്കുറേ സമാന നിരക്ക് സഊദി അറേബ്യയിലെ വിവിധ സെക്ടറുകളിലേക്കും തിരിച്ചും കാണിക്കുന്നത്. 


സര്‍വിസ് കൂട്ടി എമിറേറ്റ്‌സ്

അതേസമയം, സീസണില്‍ യാത്രക്കാര്‍ കൂടുന്നത് പരിഗണിച്ച് സര്‍വിസ് കൂട്ടാന്‍ തീരുമാനിച്ച് യുഎഇയുടെ എമിറേറ്റ്‌സ്. 
ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നു. നാളെ (മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 6 വരെ ഗള്‍ഫ് മേഖലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് 17 അധിക വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാണ് തീരുമാനം. ഇതുവഴി 371,000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഈദ് പോലുള്ള ഉത്സവ കാലങ്ങളില്‍ വിമാന യാത്രയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചസാഹചര്യത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. എമിറേറ്റ്‌സിന്റെ വിപുലീകരിച്ച ഷെഡ്യൂളില്‍ അമ്മാനിലേക്ക് ആറും ദമ്മാമിലേക്ക് അഞ്ചും ജിദ്ദയിലേക്ക് നാലും കുവൈത്തിലേക്ക് രണ്ടും അധിക വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, യുകെ, വിവിധ യുഎസ് നഗരങ്ങള്‍, ദക്ഷിണാഫ്രിക്ക, മുംബൈ, കറാച്ചി, കെയ്‌റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഇതോടൊപ്പം സര്‍വിസ് നടത്തും. ഇന്ത്യന്‍ നഗരങ്ങളില്‍ നിലവില്‍ മുംബൈ ആണ് ഉള്ളതെങ്കിലും ഷെഡ്യൂള്‍ പുറത്തിറക്കുമ്പോള്‍ മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.

Leave a Comment

Your email address will not be published. Required fields are marked *