Ajman police; കാണാതായ ഏഴു വയസ്സുള്ള ആൺകുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി മാതാപിതാക്കള്‍ക്ക് കൈമാറി അജ്മാന് പൊലീസ്. അജ്മാനിലെ മനാമ പ്രദേശത്ത് രക്ഷാകർത്താക്കളില്ലാതെ ഒരു കുട്ടിയെ അറബ് യുവാവ് കണ്ടെത്തുകയായിരുന്നു.
ഉടൻ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നെന്ന് മനാമ പൊലീസ് സെന്റർ മേധാവി അഡ്വ. മുഹമ്മദ് റാഷിദ് അൽ മത്റൂഷി പറഞ്ഞു. തുടർന്ന് കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും മിനിറ്റുകൾക്കുള്ളിൽ മാതാപിതാക്കളെ കണ്ടെത്തുകയും മണിക്കൂറിനുള്ളിൽ കുട്ടിയെ കൈമാറി.
മകനെ കണ്ടെത്താൻ സഹായിച്ചതിന് മാതാപിതാക്കൾ പൊലീസിനോട് നന്ദി പറഞ്ഞു. കൂടാതെ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് അവര്‍ പൊലീസിനോട് വ്യക്തമാക്കി. എപ്പോഴും കുട്ടികളെ നിരീക്ഷിക്കാനും വാതിലുകൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും അജ്മാൻ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.