യുഎഇയിൽ സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് രാജ്യത്തേക്ക് വരാൻ തടസ്സമില്ല. നിയമക്കുരുക്കിൽപ്പെട്ട് സ്വദേശങ്ങളിലേക്ക് കടന്നുകളഞ്ഞവരുടെയോ യുഎഇയിൽ ജയിലിൽ കഴിയുന്നവരുടെയോ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ രാജ്യത്തേക്ക് വരാം. ഇത്തരം കേസുകൾ സാധാരണഗതിയിൽ മറ്റൊരാളിലേക്ക് ചുമത്തപ്പെടില്ല.

മക്കളോ അടുത്ത ബന്ധുക്കളോ ഇത്തരം ബാധ്യതകളിന്മേൽ പ്രത്യേകം ജാമ്യം നിൽക്കാത്തപക്ഷം കേസുകൾ കൈമാറ്റം ചെയ്യപ്പെടുമോ എന്ന ഭയം വേണ്ട.
മക്കളെ ബാധിക്കുന്നത് എങ്ങനെ?
നിങ്ങളുടെ ബന്ധു യുഎഇയിലെ നിയമക്കുരുക്കിൽപ്പെട്ടോ? എങ്ങിൽ അവരുടെ സ്വത്തുക്കളോ മറ്റു സാമ്പത്തിക നിക്ഷേപമോ രാജ്യത്തുണ്ടെങ്കിൽ അതിനുള്ള അവകാശമുന്നയിക്കാൻ പണം കിട്ടാനുള്ളവർക്ക് കോടതി വഴി സാധിക്കും.
കേസുകളിൽപ്പെട്ടവരുടെ സ്വത്തുക്കളിലും നിക്ഷേപങ്ങളിലും തീർപ്പ് പറയേണ്ടത് കോടതിയാണ്.
കേസിൽപ്പെട്ടവരുടെ ഏതെങ്കിലും വസ്തുവകകളിലോ സാമ്പത്തിക ഇടപാടുകളിലോ മക്കൾ ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അതിനുള്ള ബാധ്യതയോ ഉത്തരവാദിത്വമോ വരാൻ സാധ്യതയുണ്ട്.
അത്തരം കേസുകളിൽ മാത്രമേ മക്കൾക്ക് ബാധ്യത വരികയുള്ളൂ. സാമ്പത്തിക ബാധ്യതകളിൽപ്പെട്ടവർ മരിച്ചാലും അവരുടെ മക്കൾക്ക് സമാനമായ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും.
