രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർ്കകാണ് ഇത് ബാധകം. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വിസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും കഴിയില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വിസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതാദ്യമായാണ് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്കു കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. വിവിധ രോഗങ്ങളുള്ളവർ രാജ്യത്തെ വർധിച്ച ചെലവു കാരണം കൃത്യമായി ചികിത്സ തേടാറില്ല.
അവധിക്കു നാട്ടിലേക്കു പോകുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. അങ്ങനെ കാത്തിരിക്കുന്നത് കാരണം അവരുടെയൊക്കെ രോഗാവസ്ഥ ഗുരുതരമാകാറുമുണ്ട്. ജീവനക്കാർക്ക് തൊഴിലുടമയാണ് നിയമപ്രകാരം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്. അതിനായി ജീവനക്കാരിൽ നിന്ന് പണം ഈടാക്കാനും പാടില്ല. ഫാമിലി വിസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾ