Ajman public bus service;അജ്മാനിൽ ഇനി ബസ് കൂലി നൽകാൻ ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാം. യു.എ.ഇയിൽ ആദ്യമായാണ് പൊതുബസുകളിൽ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. എമിറേറ്റിലെ മുഴുവൻ പൊതുബസുകളിലും ഇതിനുള്ള സാങ്കേതിക സംവിധാനം നിലവിൽ വന്നു.

പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ച് ബസ് യാത്ര സാധ്യമാകുന്ന സംവിധാനം യു.എ.ഇയിൽ നേരത്തേ പലയിടത്തുമുണ്ട്. പക്ഷെ, കൈവശമുള്ള ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ബസ് ചാർജ് അടക്കാനുള്ള സംവിധാനം ആദ്യമായി നടപ്പാക്കുന്നത് അജ്മാനാണ്. ബാങ്ക് കാർഡുകൾക്ക് പുറമേ, ആപ്പിൾപേ, ഗൂഗിൾ പേ, സ്മാർട്ട് വാച്ച് എന്നിവ ഉപയോഗിച്ചും ബസ് നിരക്ക് നൽകാനാകും. മുഴുവൻ ബസുകളിലും ഇതിന് ആവശ്യമായ ഉപകരണങ്ങൾ ഘടിപ്പിച്ചു. ആദ്യം അജ്മാൻ എമിറേറ്റിന് അകത്ത് സർവീസ് നടത്തുന്ന ബസുകളിൽ ഇത്തരത്തിൽ പണം ഈടാക്കി തുടങ്ങും. അടുത്തഘട്ടത്തിൽ എമിറേറ്റിന് പുറത്തേക്ക് പോകുന്ന ബസുകളിലും ഇതിന് സൗകര്യമുണ്ടാകും. ഇതോടൊപ്പം അജ്മാനിലെ യാത്ര ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന മസാർ ട്രാവൽ ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.