യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദിബ്ബയിലെ ഭക്ഷണശാലകള്‍ക്കാണ് മുന്നറിയിപ്പ്.

റമദാനിൽ പൊതുജനാരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ 755 തവണ സന്ദർശനം നടത്തിയതായി ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹസ്സൻ സലേം അൽ യമഹി പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങൾ ശുചിത്വവും ഉയർന്ന നിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശോധനകൾ ഊർജിതമായി നടപ്പാക്കുന്നുണ്ട്.
റമദാൻ മാർക്കറ്റ്, റസ്റ്ററന്‍റുകൾ, ട്രഡീഷണൽ കിച്ചൻ എന്നിവയിലുൾപ്പെടെ പരിശോധനകൾ നടത്തിയിരുന്നു. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഭക്ഷണ ലേബലിങ്, വില നിർണയം, ശുചിത്വം, പ്രതിരോധനടപടികൾ എന്നിവയിലാണ് പ്രധാന പരിശോധനകൾ നടത്തിയത്. ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 092443399 എന്ന നമ്പറിലൂടെയോ മുനിസിപ്പാലിറ്റിയുടെ സാമൂഹികമാധ്യമ പേജിലൂടെയോ അധികൃതരെ അറിയിക്കാം.
