Sharjah Book Fair ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്ന എക്സ്പോ സെന്ററിലേക്ക് സന്ദർശകർക്കായി സൗജന്യ ബോട്ട് സർവിസ് ആരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) എന്നിവയുമായി കൈകോർത്താണ് പുസ്തക പ്രേമികൾക്കായി സൗജന്യ യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എസ്.ആർ.ടി.എയുടെ 10 ബോട്ടുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഷാർജ അക്വേറിയം സ്റ്റേഷനിൽനിന്ന് നേരിട്ട് എക്സ്പോ സെന്ററിലേക്കാണ് സർവിസ്. ബോട്ടുകൾ നിർത്തുന്നതിനായി എക്സ്പോ സെന്ററിന് പിറകിലുള്ള തടാകത്തിൽ താൽക്കാലിക ഡോക് ഏരിയ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ദുബൈ ആർ.ടി.എ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽനിന്ന് ഷാർജ അക്വേറിയം സ്റ്റേഷനിലേക്ക് സർവിസ് നടത്തുന്നുണ്ട്. ദുബൈയിൽ നിന്നുള്ളവർക്ക് ഈ സർവിസ് ഉപയോഗിച്ച് ഷാർജ അക്വേറിയം സ്റ്റേഷനിൽ ഇറങ്ങാം. ശേഷം ഇവിടെനിന്ന് ഗതാഗത കുരുക്കിൽപ്പെടാതെ ഷാർജ എക്സ്പോ സെന്ററിലേക്ക് ബോട്ടിൽ എത്താനാകുമെന്നതാണ് പ്രത്യേകത.
വെള്ളി മുതൽ ഞായർ വരെ ഷാർജ അക്വേറിയത്തിൽ നിന്ന് ഉച്ചക്കുശേഷം രണ്ടിനും നാലിനും ആറിനും ഒമ്പതിനുമാണ് ബോട്ടുകൾ പുറപ്പെടുക. ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് വൈകീട്ട് 3, 5, 8, 10 എന്നീ സമയങ്ങളിലാണ് മടക്കയാത്രകൾ.
തിങ്കൾ മുതൽ വ്യാഴം വരെ ഷാർജ അക്വേറിയം സ്റ്റേഷനിൽനിന്ന് രാവിലെ ഏഴിനാണ് ആദ്യ സർവിസ്. പിന്നാലെ എട്ടു മണിക്കും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് 4.45നും 6.15നും സർവിസുണ്ടാവും. ദുബൈ അൽ ഖുബൈബ സ്റ്റേഷനിൽനിന്ന് രാവിലെ 7.45, 10 മണി, വൈകീട്ട് നാല്, അഞ്ച്, ഏഴ് സമയങ്ങളിലാണ് മടക്ക യാത്ര.