ദുബായ്: വിദേശ യാത്രക്കാരുടെ വിശദമായ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക. 2025 ഏപ്രില്‍ ഒന്ന് മുതലാണ് ചട്ടം പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘനം നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താനാണ് നീക്കം. പുതിയ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും തിരിച്ചും പറക്കുന്ന എല്ലാ വിമാനക്കമ്പനികളും കസ്റ്റംസ് പാസഞ്ചര്‍ ടാര്‍ഗെറ്റിംഗ് സെന്ററില് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ജനുവരി 10ന് ഇന്ന് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രാ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറേണ്ടതുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
യാത്ര ചെയ്യുന്ന ആളുടെ പേര്, ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ടിക്കറ്റ് എടുക്കാനായി പണം അടച്ചതിന്റെ പേമെന്റ് രീതി, പിഎന്‍ആര്‍ നമ്പര്‍, ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി, ബാഗേജ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കസ്റ്റംസ് ആവശ്യപ്പെടുന്ന വിവരം. വിമാനയാത്രകളുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് 25000 മുതല്‍ 50000 രൂപ വരെയാണ് പിഴ ഒടുക്കേണ്ടി വരിക. പുതിയ ചട്ടം ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അത് നാട്ടിലേക്കും തിരിച്ചുമുള്ള തങ്ങളുടെ യാത്രകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലാണ് പ്രവാസികള്‍ക്ക് ആശങ്ക.