ഒടുവില്‍ പ്രാര്‍ഥനകളും ഇടപെടലുകളും വെറുതെയായി. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമൻ പ്രസിഡന്‍റ് റാഷദ് അൽ–അലിമി അനുമതി നൽകി.
ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്‍റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു മുന്നിലുള്ള അഡ്വ.സുഭാഷ് ചന്ദ്രൻ പറഞ്ഞു. തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യെമന്‍ പൗരന്‍റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ അമ്മ പ്രേമകുമാരി യെമനില്‍ എത്തിയിരുന്നു. കേസില്‍ വിചാരണ കോടതിയുടെ വിധി യെമന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ എത്തിയത്.