വിപണിയിലെ വില നിർണയത്തെ കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും അവശ്യ വസ്തുക്കളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം. ‘നാഷനൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്ഫോം’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോം അവശ്യ വസ്തുക്കളുടെ വില സ്ഥിരപ്പെടുത്തുന്നതിനും അന്യായമായ വിലവർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു. കോഓപറേറ്റീവുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പ്രധാന സ്റ്റോറുകൾ എന്നിവ ഉൾപ്പെടെ വൻകിട റീട്ടെയ്ൽ ഔട്ട്ലറ്റുകളിലെ പാചക എണ്ണകൾ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, കോഴി ഉത്പന്നങ്ങൾ, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് തുടങ്ങി ഒമ്പത് അവശ്യ വസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിന് പുതിയ പ്ലാറ്റ്ഫോം ബന്ധപ്പെട്ട അതോറിറ്റികളെ അനുവദിക്കും.
രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിലെ 90 ശതമാനം അവശ്യ വസ്തുക്കളും നിരീക്ഷണത്തിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സംരക്ഷണവും വിപണി സ്ഥിരതയും ഉറപ്പുവരുത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പുതിയ പ്ലാറ്റഫോമിലൂടെ പ്രകടമാകുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂക്ക് അൽ മർറി പറഞ്ഞു.