UAE Bonus in 2024 അബുദാബി: യുഎഇയിലെ ചില ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. 2024ലെ ബോണസായി കിട്ടുന്നത് ആറുമാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന വളർച്ചാ മേഖലകളിൽ പ്രവർത്തിക്കുന്ന യുഎഇ ജീവനക്കാർക്ക് കഴിഞ്ഞവര്‍ഷം ഏറ്റവും ഉയർന്ന ബോണസുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രത്യേക റോളുകളിൽ ആറ് മാസത്തെ ശമ്പളം വരെ പേഔട്ടുകൾ എത്തുമെന്ന് കൂപ്പർ ഫിച്ച് പുറത്തിറക്കിയ പുതിയ പഠനം പറയുന്നു. ടീം അധിഷ്‌ഠിത റിവാർഡുകളേക്കാൾ വ്യക്തിഗത സംഭാവനകളുമായി ബോണസുകൾ കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നെന്ന് യുഎഇ ആസ്ഥാനമായുള്ള റിക്രൂട്ട്‌മെൻ്റ്, എച്ച്ആർ ഉപദേശകസ്ഥാപനം പറഞ്ഞു. യുഎഇയിലെ 72 ശതമാനം സ്ഥാപനങ്ങളും 2024ൽ തങ്ങളുടെ ജീവനക്കാർക്ക് അവരുടെ ശമ്പള തുക 1 മുതൽ 6 മാസം വരെ ബോണസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷമായി എമിറേറ്റ്‌സിൽ ധാരാളം പ്രൊഫഷണലുകൾ എത്തിയിരുന്നു. അതിനാല്‍, യുഎഇയുടെ തൊഴിൽ വിപണി വളരെ മത്സരാത്മകമായി. പുതിയ കമ്പനികളുടെ വരവും നിരവധി വിദേശ സ്ഥാപനങ്ങൾ യുഎഇയിലേക്ക് മാറുന്നതും രാജ്യത്തെ ജനസംഖ്യയിലും ജോലിയിലും കുതിപ്പിന് ഇടയാക്കി. കഴിഞ്ഞവർഷം, 1-2 മാസത്തെ ശമ്പള ബോണസായിരുന്നു ഏറ്റവും സാധാരണമായത്. യുഎഇയിലെ 44 ശതമാനം സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്ക് ബോണസ് നൽകിയിരുന്നു. 23 ശതമാനം സ്ഥാപനങ്ങളും 3-5 മാസത്തെ ശമ്പളം ബോണസ് നൽകി. പ്രത്യേകിച്ച് ബാങ്കിങ്, കൺസൾട്ടൻസി, ടെക്നോളജി വ്യവസായങ്ങളിൽ. യുഎഇയിലെ അഞ്ച് ശതമാനം സ്ഥാപനങ്ങളും 2024-ൽ ജീവനക്കാർക്ക് ആറ് മാസത്തെ ബോണസ് നൽകി. 29 ശതമാനം സീനിയർ എക്സിക്യൂട്ടീവുകൾക്ക് 3-5 മാസത്തെ ശമ്പള ബോണസ് ലഭിച്ചതായി വാർഷിക പഠനം കണ്ടെത്തി. അതേസമയം, 11 ശതമാനം കമ്പനികൾ ആറ് മാസത്തിൽ കൂടുതൽ ശമ്പളം നൽകിയിട്ടുണ്ട്. 26 ശതമാനം സംഘടനകളും മുതിർന്ന നേതാക്കൾക്ക് ബോണസ് നൽകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു.