ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 28 വരെ തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ മുന്നോടിയായി യാത്രക്കാര്‍ക്ക് അധികൃതര്‍ ചില നിര്‍ദേശങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 20നും 28നും ഇടയില്‍ 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രതിദിനം ശരാശരി 280,000 പേര്‍ ദുബായ് വിമാനത്താവളത്തിലെത്തും. ഫെബ്രുവരി 22 ശനിയാഴ്ച ഇത് 295,000 പേരായിരിക്കും. ദുബായില്‍ നടക്കുന്ന വിവിധ അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വന്നതോടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരും ദിനങ്ങള്‍ തിരക്കേറുന്നത്.
തിരക്ക് പരമാവധി കുറയ്ക്കുന്നതിന് വിമാനത്താവളത്തിലേക്കും തിരിച്ചും ടെര്‍മിനലുകള്‍ ഒന്നിനും മൂന്നിനും ഇടയില്‍ ദുബായ് മെട്രോ ഉപയോഗിക്കാന്‍ യാത്രക്കാരോട് അധികൃതര്‍ അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 21 മുതല്‍ അറൈവല്‍സ് ബസ് സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തിവയ്ക്കും. ബദല്‍ ഗതാഗത ഓപ്ഷനുകളും പുതുക്കിയ ബസ് ഷെഡ്യൂളുകളും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.