ദുബായ്: ബലിപെരുന്നാൾ അവധിയും സമ്മർ വെക്കേഷനുമെല്ലാം ആരംഭിക്കുന്നതിനാൽ വീക്കെൻഡിലും വരും ദിവസങ്ങളിലും ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിന് ചുറ്റും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. റോഡിലെ തിരക്ക് പരമാവധി ഒഴിവാക്കാനായി വിമാനത്താവളത്തിലേക്കും അവിടെ നിന്ന് പുറത്തേക്കും പോകാൻ ടെർമിനൽ ഒന്നിനും മൂന്നിനും ഇടയിൽ ദുബായ് മെട്രോ ഉപയോഗിക്കാവുന്നതാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജൂൺ 12 നും 25 നും ഇടയിൽ 3.7 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ശരാശരി പ്രതിദിന ട്രാഫിക് 264,000 യാത്രക്കാരാണ്. അടുത്ത ശനിയാഴ്ച, ജൂൺ 22 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണം 287,000 കവിയാനും സാധ്യതയുണ്ട്.’ പീക്ക്’ വേനൽക്കാല യാത്രാ കാലയളവിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും യാത്രക്കാർക്ക് അവരുടെ യാത്രപറയൽ വീട്ടിൽ വെച്ച് കൈമാറണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തിരക്ക് മൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലെ ആഗമന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണിത്. ദുബായ് എയർപോർട്ട് ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ ദുബായ് മെട്രോ ഉപയോഗിച്ച് യാത്രക്കാർക്ക് റോഡിലെ തിരക്ക് ഒഴിവാക്കാം. യാത്രക്കാർക്ക് ട്രെയിനിൽ രണ്ട് ലഗേജുകൾ കൊണ്ടുപോകാൻ സാധിക്കും. ഒരു വലിയ സ്യൂട്ട്കേസും (81cm x 58cm x 30cm ൽ കൂടുതലാകരുത്) ഒരു ക്യാരി-ഓൺ ബാഗും. (55cm x 38 cm x 20cm ലും വലുതല്ലാത്തത്) എന്ന തരത്തിൽ രണ്ട് ലഗേജുകൾ കരുതാവുന്നതാണ്.
അതേസമയം, എമിറേറ്റ്‌സ് യാത്രക്കാർക്ക് എയർലൈനിൻ്റെ ഹോം, സിറ്റി ചെക്ക്-ഇൻ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താം. തുടർന്ന് ദുബായ് മെട്രോ വഴി വിമാനത്താവളത്തിലേക്ക് പോകാം. ഫ്ലൈ ദുബായ് യാത്രക്കാർ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാർ അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 3 മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരുകയും സമയം ലാഭിക്കുന്നതിന് ലഭ്യമായ ഇടങ്ങളിൽ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യുകയും വേണം.