Dubai Global village; ദുബായ്: അത്യപൂർവ്വ പരിപാടികൾ ആസ്വദിക്കാനും ഷോപ്പിങ്ങിനുമായി ഗ്ലോബൽ വില്ലേജ് തുറന്ന ആദ്യ ആഴ്ചയിൽ അനുഭവപ്പെട്ടത് വൻതിരക്ക്. തിങ്കളാഴ്ച മുതൽ അടുത്തമാസം മൂന്ന് വരെ ഗ്ലോബൽ വില്ലേജിൽ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിലും വലിയ സന്ദർശക തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായികഴിഞ്ഞു.
പരമ്പരാഗത കലാരൂപങ്ങളുമായി പ്രശസ്ത കലാകാരൻമാർ ഈ ദിവസങ്ങളിൽ വില്ലേജിലെത്തും. ആഗോളഗ്രാമത്തിലെ ലെബനൻ പവിലിയന് മുന്നിൽ അഞ്ച് മുതൽ എട്ട് മീറ്റർ വരെ വലിപ്പത്തിൽ രംഗോലിയൊരുക്കും. ഇന്ത്യൻ സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന പ്രത്യേക ഡിസൈനിലായിരിക്കും രംഗോലി. ഒട്ടേറെ ദീപാവലി പരിപാടികൾക്കും ഈ ദിവസങ്ങൾ സാക്ഷ്യം വഹിക്കും. ദീപാവലി മധുരവും വിതരണം ചെയ്യും. ഇന്ത്യൻ പവിലിയനിൽ വ്യത്യസ്തമായ ആഘോഷപരിപാടികലുണ്ടായിരിക്കും. ഹാപ്പിനെസ് ഗേറ്റിലൂടെയും ഗേറ്റ് ഓഫ് ദ വേൾഡിലൂടെയും ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വർണ്ണവെളിച്ചങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നത് സന്ദർശകർക്ക് ആസ്വദിക്കാനാവും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഈ എട്ട് കാര്യങ്ങൾ മറക്കരുത്
- പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണപാനീയങ്ങൾ ആഗോളഗ്രാമത്തിലേക്ക് കൊണ്ടുവരാൻ പാടില്ല. വില്ലേജിനകത്ത് ധാരാളം റസ്റ്റോറന്റുകളും ഷോപ്പുകളുമുണ്ട്. ഇഷ്ടമുള്ള ആഹാരം പ്രവർത്തനസമയങ്ങളിൽ ലഭ്യമാണ്.
- 30 രാജ്യങ്ങളിലെ പവിലിയനുകളാണ് ഇവിടെയുള്ളത്. എന്നാൽ സന്ദർശകർ യു.എ.ഇയുടേതല്ലാത്ത ദേശീയ പതാകകൾ വഹിച്ചുകൊണ്ട് വരുകയോ വീശുകയോ ചെയ്യരുത്.
- ഒട്ടേറെ വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനം കൂടിയായതിനാൽ വലിയ യാത്രാ ലഗേജുകളോ സ്യൂട്ട്കേസുകളോ അകത്തേക്ക് കടത്തിവിടില്ല. എല്ലാ സന്ദർശകരുടെയും ബാഗുകൾ കർശനമായി എക്സ്റേ മെഷീനുകളിലൂടെ പരിശോധിക്കും.
- സ്ത്രീയായാലും പുരുഷനായാലും മാന്യമായ വസ്ത്രധാരണം നിർബന്ധമാണ്.
- വില്ലേജിൽ ധാരാളം തുറസ്സായ സ്ഥലങ്ങളുള്ളതിനാൽ റോളർ സ്കേറ്റുകളും സൈക്കിളുകളും കൊണ്ടുവരാൻ കുട്ടികൾക്ക് പ്രേരണയുണ്ടായേക്കാം. എന്നാൽ പുറത്തുനിന്നുമുള്ള സ്കൂട്ടറുകളും ബൈക്കുകളും അനുവദിക്കില്ല. ഇവ ഗ്ലോബൽ വില്ലേജിനുള്ളിൽ വാടകക്ക് ലഭ്യമാണ്.
- വളർത്തുമൃഗങ്ങളെയും അകത്തേക്ക് കടത്തിവിടില്ല.
- കുടുംബങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്നതിനാൽ ആലിംഗനം, ചുംബനം പോലുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കണം. പ്രാദേശിക സംസ്കാരത്തെ മാനിക്കുന്നതിന്റെ ഭാഗമായാണിത്.
- വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ മാധ്യമസ്ഥാപനം, സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ എന്നിവർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റിൽ അനുമതി നേടുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ വ്യക്തിഗത ഉപയോഗത്തിനായി ചിത്രങ്ങളും വീഡിയോകളും എടുക്കാം.