Dubai global village;ദുബായ് ∙ നടത്തം ഇഷ്ടമാണോ, എങ്കിൽ വെറുതെ നടക്കേണ്ട. നടന്ന് നടന്ന് സമ്മാനം നേടാം. ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കാണ് നടന്ന് സമ്മാനം നേടാൻ അവസരം. റമസാൻ സ്റ്റെപ് ചലഞ്ച് എന്ന പേരിൽ ആരംഭിച്ച മത്സരം ഈ മാസം 30 വരെ നീളും.

ഒറ്റ രാത്രിയിൽ 10,000 ചുവടുകൾ പൂർത്തിയാക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, തിരഞ്ഞെടുത്ത റസ്റ്ററന്റുകളിൽ നിന്ന് വിലക്കിഴിവ് ലഭ്യമാക്കുന്ന ഭക്ഷണ വൗച്ചറുകൾ, കാർണിവലിനുള്ള വണ്ടർ പാസുകൾ എന്നിവയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ തൽക്ഷണം ലഭിക്കും.
ലക്ഷ്യസ്ഥാനത്ത് പ്രവേശിച്ചതിന് ശേഷം ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്പ് വഴി ചലഞ്ച് എളുപ്പത്തിൽ ട്രാക്ക് ചെയ്യാം. സന്ദർശകർക്ക് ചലഞ്ച് സജീവമാക്കാനും അവരുടെ ചുവടുകൾ നിരീക്ഷിക്കാനും കഴിയും. 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളിൽ ഷോപ്പിങ് നടത്തുമ്പോഴും വിനോദ പരിപാടികൾ ആസ്വദിക്കുമ്പോഴും ഗ്ലോബൽ വില്ലേജിന്റെ പ്രധാന വിനോദ വേദിയായ കാർണിവലിൽ സ്ഥിതി ചെയ്യുന്ന 200-ലേറെ ഗെയിമുകൾ, റൈഡുകൾ എന്നിവയിൽ പങ്കെടുക്കുമ്പോഴും ചലഞ്ച് അനായാസമായി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. റമസാനിന്റെ ചൈതന്യം ആഘോഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.