
Dubai life:ദുബൈയിലേക്ക് പറക്കുംമുമ്പ് ജീവിതച്ചെലവ് ഓര്‍മിപ്പിച്ചും ഇന്ത്യയുമായി താരതമ്യം ചെയ്തും സിഎക്കാരന്റെ കുറിപ്പ്; നെറ്റിസണ്‍സ് അതിനോട് പ്രതികരിച്ചത് ഇങ്ങനെ
Dubai life: ആകര്‍ഷകമായ ബയോഡാറ്റയും പ്രൊഫൈലും ഉള്ള ഏതൊരു പ്രൊഫഷണലും ആഗ്രഹിക്കുന്ന കരിയര്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബൈ. നികുതിയില്ലാത്ത ശമ്പളത്തിനും ആഡംബര ജീവിതത്തിനും പേരുകേട്ട നഗരമാണ് ദുബൈ എങ്കിലും ഇന്ത്യയെ അപേക്ഷിച്ച് ജീവിതച്ചെലവ് വളരെ ഉയര്‍ന്നതാണ്. ഒരു സാധാരണക്കാരനെ അപേക്ഷിച്ച് ദുബൈയിലെ ജീവിതം, ഇന്ത്യയിലെതിനെക്കാള്‍ മൂന്നിരട്ടി അധികം ചെലവേറിയതാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ (സി.എ) നിതിന്‍ കൗശിക് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ലിങ്ക്ഡ് ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലെ വൈറലുകളിലൊന്ന്. ജോലിക്കായി ദുബൈയിലേക്ക് താമസം മാറുന്നത് പലരും വിശ്വസിക്കുന്നത്ര ലാഭകരമല്ലായിരിക്കാം എന്നാണ് നിതിന്‍ കൗശിക് പറയുന്നത്. നികുതിരഹിത ശമ്പളവും ആഡംബര ജീവിതവും മോഹിച്ച് യുവ പ്രൊഫഷണലുകള്‍ ദുബൈയെ ലക്ഷ്യംവയ്ക്കും മുമ്പ് അവര്‍ പരിഗണിക്കേണ്ട ചില മറഞ്ഞിരിക്കുന്ന ചെലവുകള്‍ എന്ന നിലയ്ക്കാണ് കൗശിക് കുറിപ്പ് പങ്കുവച്ചത്.

ഇതോടൊപ്പം തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതയും കൗശിക് എടുത്തുകാണിക്കുന്നു. ദുബൈയില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടുകയെന്നാല്‍, നിങ്ങളുടെ വിസ നഷ്ടപ്പെടും എന്നാണ്. നിലവിലെ വിസ എക്‌സ്‌പെയര്‍ ആയി പുതിയൊരെണ്ണം കണ്ടെത്താനോ രാജ്യം വിടാനോ 60 ദിവസം വരെ മാത്രമേ സമയം ലഭിക്കൂ. നിരവധി പ്രതീക്ഷയോടെയാണ് ഓരോരുത്തരും വിസിറ്റ് വിസകളില്‍ എത്തുന്നത്. ചിലപ്പോള്‍ വിസിറ്റ് വിസകള്‍ നിരസിക്കപ്പെടാം. ചിലര്‍ ഇവിടെയെത്തിയാലും വെറുംകൈയോടെ മടങ്ങേണ്ടിവരുന്നു. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടലുകള്‍ സംഭവിക്കാം.
Thinking About Moving to Dubai for a Job? Read This First!
Dubai looks like the ultimate jackpot—tax-free salaries, luxury living, and career growth. But before you pack your bags, here’s the reality check most people ignore: #stockmarketscrash #niftycrash #Finance… pic.twitter.com/llch2WzISn— CA Nitin Kaushik (@Finance_Bareek) April 3, 2025
ദുബായില്‍ ശമ്പള സംരക്ഷണ സംവിധാനം ഉണ്ടെങ്കിലും, ചിലപ്പോള്‍ ശമ്പളം ലഭിക്കുന്നതില്‍ കാലതാമസവും വെട്ടിക്കുറക്കലുകളും സാധാരണമാണ്. പ്രത്യേകിച്ച് ചെറിയ, ഇടത്തരം ജോലികളില്‍. കണ്‍സ്ട്രക്ഷന്‍, റീട്ടെയില്‍ തുടങ്ങിയ പല മേഖലകളും നീണ്ട ജോലി സമയമാണ്. ഓവര്‍ടൈം വേതനം ഇല്ലതാനും. പോരാത്തതിന് കുറഞ്ഞ ജോലി സുരക്ഷയും. വൈറ്റ് കോളര്‍ പ്രൊഫഷണലുകള്‍ പോലും പലപ്പോഴും ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യേണ്ടിവരുന്നു.
എന്നാല്‍, ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ദുബൈ ഒരു മോശം ഓപ്ഷനല്ലെന്നും കൗശിക് ചൂണ്ടിക്കാട്ടുന്നു. പക്ഷേ അത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. നല്ല കഴിവുകളും മതിയായ സമ്പാദ്യവും മികച്ച നെറ്റുവര്‍ക്കും ഉണ്ടെങ്കില്‍ ദുബൈയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ദുബൈയിലെ കരിയര്‍ സ്വപ്‌നങ്ങളെ അന്ധമായി പിന്തുടരാതെ, ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യണമെന്നും അടിസ്ഥാന യാഥാര്‍ത്ഥ്യം മനസ്സിലാക്കി മാത്രം മുന്നോട്ടുപോകുകയെന്നുമാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.
ഇന്ത്യ- ദുബൈ ജീവിത വ്യത്യാസം
- * കൗശികിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നഗരങ്ങളിലെയും ദുബൈയിലെയും ജീവത ചെലവ് താരതമ്യം ഇങ്ങനെയാണ്.
* ദുബൈയിലെ 1BHK അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 1.5 മുതല്‍ 3 ലക്ഷം രൂപ വരെ ചിലവാകാം.
* മുംബൈ, ഡല്‍ഹി പോലുള്ള പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ 40,000 മുതല്‍ 70,000 രൂപ വരെയാണ്.
* പലചരക്ക് സാധനങ്ങള്‍ക്കും ദുബൈയില്‍ ഉയര്‍ന്ന വില നല്‍കണം. ദുബൈയില്‍ ഒരു ലിറ്റര്‍ പാലിന് ഏകദേശം 120 രൂപയാണ്. ഇത് ഇന്ത്യയിലെ വിലയുടെ ഇരട്ടിയാണ്.
* പൊതുഗതാഗത ചെലവും കൂടുതലാണ്. ദുബൈയില്‍ പ്രതിമാസ മെട്രോ പാസിന് ഏകദേശം 8,500 രൂപ ചിലവാകും. മുംബൈയില്‍ വെറും 350 രൂപയെ വരൂ.
നെറ്റിസണ്‍സിന്റെ പ്രതികരണം
നിതിന്‍ കൗശികിന്റെ വാദത്തെ എതിര്‍ത്താണ് കൂടുതല്‍ പേരും രംഗത്തുവന്നത്. പണം ചെലവാകുമെങ്കിലും ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് വൃത്തിയുള്ള തെരുവുകള്‍, ശക്തമായ നിയമങ്ങള്‍, ലോകോത്തര അടിസ്ഥാനസൗകര്യ സംവിധാനങ്ങള്‍, സുരക്ഷ എന്നിവയിലെല്ലാം ദുബൈ മുന്നിലാണെന്ന് കൗശിന്റെ പോയിന്റിനോട് വിയോജിപ്പുള്ളവര്‍ പറഞ്ഞു.
ജീവിതച്ചെലവ് എന്നത് പോലെ ശമ്പളത്തിന്റെ കാര്യത്തിലും ദുബൈ ഏറെ മുന്നിലാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു സെയില്‍ബോയിക്ക്/ സെയില്‍ ഗേളിന് പ്രതിമാസം 15,000 രൂപയാണ് പരമാവധി ശമ്പളമെങ്കില്‍ ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ദുബൈയിലെ ശമ്പളമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ദുബൈയിലെ സാഹചര്യം ഇന്ത്യയിലെ ശരാശരി സാഹചര്യത്തെക്കാള്‍ ജീവിതം സുഗമമാക്കുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. നല്ല റോഡുകള്‍, കാറുകള്‍ക്കും അന്താരാഷ്ട്ര ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കും വളരെ കുറഞ്ഞ നികുതി, മികച്ച ജീവിത നിലവാരം, മികച്ച കണക്ടിവിറ്റി എന്തുകൊണ്ടും ദുബൈയിലേക്ക് മാറുന്നതാണ് നല്ലതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

Comments (0)