mother-son taxi drivers;ദുബായ്∙ യാത്രയ്ക്കിടെ വഴി സംബന്ധിച്ചോ മറ്റോ സംശയമുണ്ടായാൽ മലയാളി ടാക്സി ഡ്രൈവർ ഉടൻ ഒരാളെ ഫോൺ വിളിക്കും, ഒരു സ്ത്രീയെ. അവരുടെ മാർഗനിർദേശത്തിലൂടെ യാത്ര തുടർന്നാൽ എപ്പോൾ ലക്ഷ്യസ്ഥാനത്തെത്തി എന്ന് ചോദിച്ചാൽ മതി. യുഎഇയിലെ പാതകളെക്കുറിച്ചുള്ള ആ സ്ത്രീയുടെ അറിവിന് യുവാവ് നൂറിൽ നൂറ് മാർക്ക് നൽകും. ഷഫീഖ് (31) എന്ന യുവ ടാക്സി ഡ്രൈവർ ഉപദേശം തേടുന്നത് പക്ഷേ, മറ്റാരോടുമല്ല, സ്വന്തം അമ്മയോടാണ്. ഷൈല തായിൽ കുഞ്ഞുമുഹമ്മദ് (53) എന്ന ആ സ്ത്രീയും ദുബായിൽ ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) ടാക്സികളിൽ വളയം പിടിക്കുന്നു.

റമസാനിൽ ഒരു ദിവസത്തെ ജോലി കഴിഞ്ഞാൽ ഷൈല അന്നത്തെ നോമ്പുതുറ വിഭവങ്ങളൊരുക്കാൻ മൂന്നരയോടെ ദുബായ് മുഹൈസിനയിലെ വീട്ടിലെത്തും. അതേ സമയത്ത് തന്നെ വീട്ടിലെത്തുന്ന ഷഫീഖ് അടുക്കളയിൽ ഉമ്മയെ സഹായിക്കും. ഇത് തങ്ങളുടെ പ്രത്യേകതരം ബന്ധമാണെന്നാണ് ഷൈല പറയുന്നത്.
ഷഫീക്കിന്റെ സഹായത്തോടെ ബിരിയാണി, സമൂസ, പക്കോഡ, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇഫ്താർ വിഭവങ്ങളായി തയ്യാറാക്കുക. ഞങ്ങൾ ഒരുമിച്ച് നോമ്പെടുക്കുന്നു, ഒരുമിച്ച് ഭക്ഷണം തയ്യാറാക്കുന്നു, ഒരുമിച്ച് നോമ്പുതുറന്ന് ഒരുമിച്ച് പ്രാർഥിക്കുന്നു. മകനെ തന്റെ തന്നെ തൊഴിലിലേക്ക് നയിക്കുന്നതിൽ ഷൈല തന്നെയാണ് മുൻകൈയെടുത്തത്.
ഭർത്താവ് മരിച്ച് നാല് വർഷത്തിന് ശേഷം 1999 ലാണ് ഷൈല ആദ്യമായി യുഎഇയിലെത്തിയത്. കുടുംബത്തിന്റെ ഏക വരുമാനദാതാവായി മാറേണ്ടി വന്ന ഈ വനിത രാപ്പകൽ ഭേദമന്യേ അധ്വാനിച്ച് ജീവിതം പടുത്തുയർത്തു. ഭർത്താവ് മരിക്കുമ്പോൾ അന്ന് ഒരു വയസ്സ് മാത്രമായിരുന്നു ഷഫീഖിന്. മൂത്ത മകൻ ഷാജുദ്ദീനും പറക്കമുറ്റാത്ത പ്രായം.
ഇതോടെ ഷൈല കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ ക്ഷേമം ഉറപ്പാക്കാൻ, കുട്ടികളെ നാട്ടിലെ കുടുംബത്തിന്റെ സംരക്ഷണയിൽ വിട്ടാണ് വിമാനം കയറിയത്. ഷാർജയിലെ അറബ് കുടുംബത്തിന്റെ വീട്ടുജോലിക്കാരിയായി പ്രവസ ജീവിതം ആരംഭിച്ച ഷൈല നാട്ടിലെ മക്കളുടെ ക്ഷേമത്തിന് ഏറെ പ്രാധാന്യം നൽകി. തന്റെ സാഹചര്യം മെച്ചപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്ത അവർ ഡ്രൈവിങ് പഠിക്കുന്നതിലാണ് പിന്നീട് ശ്രദ്ധ പതിപ്പിച്ചത്.
ഡ്രൈവിങ് സ്കൂളിൽ ചേരുന്നതിനുള്ള പണം മാസ ശമ്പളത്തിൽ നിന്ന് സ്വരുക്കൂട്ടി. ഒടുവിൽ 2002 ൽ ആദ്യ ശ്രമത്തിൽ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. സ്വദേശി ഭവനത്തിലെ ഹൗസ് ഡ്രൈവറായാണ് തുടക്കം. എന്നാൽ വീട്ടുജോലിയേക്കാളും സമ്പാദിക്കാൻ കഴിഞ്ഞു. പിന്നീട് പിങ്ക് ടാക്സി(വനിതാ ടാക്സി) ഡ്രൈവർമാരെ അന്വേഷിക്കുന്ന ഡിടിസിയുടെ പരസ്യം കണ്ട് അപേക്ഷിച്ച് ജോലി ലഭിച്ചതോടെ ഷൈലയുടെ ജീവിതം മാറിമറിഞ്ഞു. കരിയറിലെ പ്രധാന വഴിത്തിരിവ്.
മികച്ച പെരുമാറ്റം കൊണ്ട് ഹൃദയങ്ങൾ കീഴടക്കി
ഊഷ്മളവും സൗഹൃദപരവുമായ പെരുമാറ്റമാണ് ഷൈലയുടെ പ്ലസ് പോയിന്റ്. പ്രത്യേകിച്ച് ദുബായിൽ ടാക്സി ഡ്രൈവർമാർ വിവിധ രാജ്യങ്ങളിലെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടുന്നതിനാൽ അതവർക്ക് ഗുണകരമായി. സംഭാഷണ ശൈലിയിൽ അറബിക് പഠിക്കുകയും ഇംഗ്ലിഷ് മിനുസപ്പെടുത്തുകയും ചെയ്തു. ഇത് ഏത് രാജ്യക്കാരായ യാത്രക്കാരനെയും കൈയിലെടുക്കുന്നതിന് സഹായിച്ചു. എന്നാൽ എല്ലാത്തിലും വലുതായി മക്കളെ നന്നായി വളർത്തിയതിലാണ് ഷൈല അഭിമാനിക്കുന്നത്.
മൂത്ത മകൻ ഷാജുദ്ദീൻ ദുബായിലെ ഒരു സെയിൽസ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാണ്. ഡിപ്ലോമക്കാരനായ ഷഫീഖ് മൂന്ന് വർഷം മുൻപാണ് ഉമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തത്. ഉമ്മയ്ക്ക് ദുബായ് ഇന്ന് കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതമെന്ന് ഷഫീഖ് അഭിമാനത്തോടെ പറയുന്നു. പക്ഷേ, എല്ലാ അറിവുകളും പകർന്നത് പ്രിയപ്പെട്ട ഉമ്മ തന്നെ.
ഡിടിസിയിൽ 19 വർഷമായി ജോലി ചെയ്യുന്ന പ്രവർത്തിച്ച ഷൈല ഒരിക്കലും അപകടങ്ങളിൽ ഉൾപ്പെടുകയോ വലിയ ഗതാഗത നിയമലംഘനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ കുറ്റമറ്റ റെക്കോർഡ് നിലനിർത്തിയിട്ടുമുണ്ട്. സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും വാഹനമോടിക്കുകയും മികച്ച ജീവിതം കാണിച്ച് കൊടുക്കുകയും ചെയ്ത് എന്റെ മക്കൾക്ക് ഒരു മാതൃകയാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു-ഷൈലയുടെ വാക്കുകളിൽ തികഞ്ഞ അഭിമാനം. നാട്ടിൽ ചെന്ന് കൊച്ചുമക്കളോടൊപ്പം പെരുന്നാളാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഷൈല. കൂടെ ഷഫീഖും.
