യു.എ.ഇയിലെ ആദ്യ ‘15 മിനുറ്റ് നഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദുബൈ എക്സ്പോ സിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായി. നഗരത്തിലെ ആദ്യ വീടുകൾ 2026 ആദ്യ പാദത്തിൽ തന്നെ ഉപഭോക്താക്കൾക്ക് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
വിശ്വമേളയായ എക്സ്പോ 2020 ദുബൈക്ക് വേദിയായ സ്ഥലത്തിന് ലോകത്താകമാനമുള്ള പ്രസിദ്ധി നഗരത്തെ അതിവേഗം സ്വീകാര്യമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിനോദകേന്ദ്രങ്ങൾ, ഗതാഗത സൗകര്യങ്ങൾ, സ്കൂളുകൾ, പാർക്കുകൾ എന്നിവ 15 മിനിറ്റിലെ നടന്നെത്താവുന്ന ദൂരത്തിൽ സജ്ജീകരിക്കുന്നതാണ് സിറ്റിയുടെ പ്രത്യേകത.
എക്സ്പോ പവിലിയനുകൾക്ക് സമീപത്തായി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സിറ്റിയെ കുറിച്ച പ്രതീക്ഷകൾ വീണ്ടും ചർച്ചയായത്. അപാർട്മെൻറുകളും വില്ലകളും അടങ്ങുന്ന വിപുലമായ സംവിധാനങ്ങളാണ് മേഖലയിൽ നിർമിക്കുന്നത്. ഒന്നുമുതൽ നാല് ബെഡ്റൂമുകൾ വരെയുള്ള അപാർട്മെന്റുകളാണ് നിർമിക്കുന്നത്.
എക്സ്പോയുടെ കേന്ദ്രമായിരുന്ന അൽ വസ്ൽ പ്ലാസയുടെയും സമീപത്ത് സ്ഥിതി ചെയ്യുന്ന സർറിയൽ വാട്ടർ ഫീച്ചറും ഈ മേഖലയിൽ നിന്നുള്ള മനോഹര കാഴ്ചകളാകും. ഇവിടെ നിർമിക്കുന്ന സ്കൂളും ആശുപത്രിയും സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് എക്സ്പോ സിറ്റി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ നാഷണൽ’ റിപ്പോർട്ട് ചെയ്തു.
എക്സ്പോക്ക് ശേഷം ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28നും ഇവിടം വേദിയായിരുന്നു. അന്താരാഷ്ട്ര സമ്മേളനങ്ങൾ, സംഗീത പരിപാടികൾ, കായിക പരിപാടികൾ എന്നിവ തുടർന്നും എക്സ്പോ സിറ്റിയിൽ സംഘടിപ്പിക്കും.
റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും സന്ദർശകർക്ക് പ്രദേശത്തേക്ക് വരാൻ തടസമുണ്ടാകില്ല. സിറ്റിയിലെ പാർക്കുകളും വേദികളുമെല്ലാം സജീവമായി ഉപയോഗിക്കാവുന്നതാണ്. എക്സ്പോ സിറ്റിയിലെ ആദ്യ അപാർട്മെനറ് പദ്ധതിയായ ‘മാൻഗ്രോവ് റെസിഡൻസി’ന്റെ പ്രോപ്പർട്ടികളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഒരു ബെഡ്റൂം അപാർട്മെന്റിന് 20ലക്ഷം ദിർഹം വരെയാണ് ലഭിച്ചത്.
ആവശ്യക്കാർ കൂടുതലായി വന്നുതുടങ്ങിയതോടെ അപാർട്മെനറുകളുടെയും വില്ലകളുടെയും കൂടുതൽ പ്രൊജക്ടുകൾ ആസൂത്രണം ചെയ്തുവരികയാണ്. നടപ്പാതകളും സൈക്കിൾ പാതകളും അടക്കം എല്ലാ അടിസ്ഥാന സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് സിറ്റി നിർമിക്കുന്നത്.
എക്സ്പോ സിറ്റിയിൽ 3,85,000 ചതുരശ്ര അടി വിസ്തീർണമുള്ള എക്സ്പോ സിറ്റി മാൾ നിർമിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. 190ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളും ആയിരത്തിലധികം പാർക്കിങ് സ്ഥലങ്ങളും മാളിലുണ്ടാകുമെന്നാണ് വെളിപ്പെടുത്തിയത്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽ അലി റോഡ്, ദുബൈ മെട്രോ എന്നിവയിലൂടെ പുതിയ ഷോപ്പിങ് സെന്ററിലേക്ക് എത്തിച്ചേരാൻ സംവിധാനമുണ്ടാകും. 2022 ഒക്ടോബറിൽ തുറന്ന എക്സ്പോ സിറ്റി നിലവിൽ തന്നെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
എക്സ്പോ 2020ദുബൈ മേളക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി തുറന്നിരുന്നത്. നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റെടുക്കേണ്ടതില്ല. ഭാവിയിൽ എക്സ്പോ സിറ്റിയിലെത്തുന്നവർക്ക് പുതിയ മാൾ പ്രധാന ആകർഷണവും ഷോപ്പിങ് ഡെസ്റ്റിനേഷനുമായിരിക്കും.