Dubai police: ദുബായ്: അനധികൃത മസാജ് സെൻ്ററുകളുടെ കാർഡ് പ്രിൻ്റിംഗിനെതിരെ കർശന നടപടികളുമായി ദുബായ് പോലിസ്. കാർഡുകൾ പിടിച്ചെടുത്ത് പ്രിൻ്റിംഗ് പ്രസ് അടച്ചുപൂട്ടിയ പോലിസ്, ഉടമകളെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. അനധികൃത മസാജ് കാർഡുകൾ അച്ചടിച്ചതിന് ദുബായിലെ നാല് പ്രിൻ്റിംഗ് പ്രസുകൾ അടച്ചതായി ദുബായ് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട ജീവനക്കാരുടെ ഫോട്ടോകളും പോലിസ് പുറത്തുവിട്ടു. പൊതുവെ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെ ഫോട്ടോകൾ യുഎഇ പോലിസ് പുറത്തുവിടാറില്ല. എന്നാല് ഈ കേസിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോലീസ്, ഈ പ്രിൻ്റിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അറിയിച്ചു.

മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. അങ്ങനെ കോൾ ചെയ്യുന്നത് പിടിച്ചുപറിക്കും കൊള്ളയടിക്കലിനും ഇരയാകാൻ സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും പോലിസ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന മസാജ് സെൻ്ററുകളുമായി ബന്ധപ്പെട്ട നെഗറ്റീവ് റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ചതായി ദുബായ് പോലീസ് അറിയിച്ചു. അധികവും ലൈസൻസില്ലാത്തതും നിയമവിരുദ്ധവുമായ മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന ഈ കാർഡുകളിൽ പലപ്പോഴും സ്ത്രീകളുടെയും നടിമാരുടെയും അശ്ലീല ഫോട്ടോകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു. നമ്പറുകളിൽ ബന്ധപ്പെട്ട് എത്തുന്നവരെ വിവസ്ത്രരാക്കി നിർത്തി ബ്ലാക് മെയിൽ ചെയ്തു കൊള്ളയടിക്കുന്നത് അടക്കാനുള്ള വ്യാപക പരാതികൾ ഉയർന്നതോടെ ആണ് ദുബായ് പോലിസ് ഇത്തരം കാർഡ് ഉടമകളെ തേടിയിറങ്ങിയത്.
പൊതു ഇടങ്ങളിൽ മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതോ പോസ്റ്റുചെയ്യുന്നതോ പോലുള്ള പെരുമാറ്റങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോടു ആഹ്വാനംചെയ്തു. 901 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം അല്ലെങ്കിൽ ദുബായ് പോലീസ് ആപ്പിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം ഉപയോഗിക്കാമെന്നും പോലിസ് അറിയിച്ചു.
Dubai Police crack down on illegal massage card printing, arrest staff