Dubai rent;ദുബൈ നഗരത്തിലെ താമസകെട്ടിടങ്ങളുടെ വാടക വ്യക്തമാക്കുന്ന സ്മാർട്ട് റെന്റൽ ഇൻഡക്‌സ് പുറത്തിറക്കി. കെട്ടിടങ്ങളുടെ വാടക നിരക്ക് മാത്രമല്ല വാടകക്ക് എടുക്കുന്നവർ വാടകഅടക്കുന്നതിൽ വീഴ്ചവരുത്തുന്നവരാണോ എന്ന് തിരിച്ചറിയാനും പുതിയ സ്മാർട്ട് സംവിധാനത്തിൽ സൗകര്യമുണ്ടാകും.
ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്റാണ് പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്‌സ് അവതരിപ്പിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനമെന്ന് അധികൃതർ പറഞു. കെട്ടിട ഉടമകൾ, വാടകക്കാർ തുടങ്ങി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുബൈ നഗരത്തിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങളെ അവയുടെ സൗകര്യങ്ങളുടെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിൽ തരം തിരിച്ചാണ് അവയുടെ വാടക നിശ്ചയിക്കുക. ഈ സൂചിക അടിസ്ഥാനമാക്കി കെട്ടിടം വാടകയ്ക്ക് എടുക്കുന്നവർക്കും ഓരോ മേഖലയിലും വാടക നിരക്ക് മനസിലാക്കാനാകും. ഇതോടൊപ്പം മോഡൽ ടെനന്റ് ക്ലാസിഫിക്കേഷൻ സംവിധാനത്തിലൂടെ കെട്ടിടം വാടക്കക്കെടുക്കുന്നവർ മുമ്പ് വാടക കരാറിൽ വീഴ്ചവരുത്തിയവരാണോ, വാടക അടക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് കെട്ടിട ഉടമകൾക്ക് തിരിച്ചറിയാൻ സൗകര്യമുണ്ടാകും. ഇജാരി ക്രെഡിറ്റ് റേറ്റിങ് വഴിയാണ് ഇത് സാധ്യമാവുക. ഓരോ കെട്ടിടത്തിനും ഇൻഡക്‌സിൽ നൽകുന്ന റേറ്റിങ് അനുസരിച്ച് മാത്രമേ വാടക വർധിപ്പിക്കാനാവൂ. സൂചികയിൽ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് മാത്രമേ കെട്ടിട ഉടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയൂ. ഇത് വാടകക്കാർക്കും പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.