Dubai Rent: ദുബൈ: സാധാരണയായി വാടക താങ്ങാനാവുന്ന മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷം വാടകവിലയില്‍ വലിയ വര്‍ധനയുണ്ടായി. വിശാലമായ വാടക വര്‍ദ്ധനവ് കാരണം ബഡ്ജറ്റ്‌സൗഹൃദ ഓപ്ഷനുകള്‍ തേടുന്ന ആവശ്യക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്.
ഈ പ്രദേശങ്ങള്‍ വാടകക്കാരെ ആകര്‍ഷിക്കുക മാത്രമല്ല, കെട്ടിട ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും വാടകവരുമാനത്തില്‍ നിന്നും കൂടുതല്‍ ആദായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ദെയ്‌റ, ബര്‍ ദുബൈ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബൈ മെട്രോ വഴിയും മറ്റ് പൊതുഗതാഗത ഓപ്ഷനുകള്‍ വഴിയും സൗകര്യപ്രദമായി ഇവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നതുമാണ് ഈ പ്രദേശങ്ങളിലേക്ക് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണം. ഇവിടങ്ങളില്‍ നിക്ഷേപം നടത്തുന്ന വമ്പന്‍ വ്യവസായികളുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്.
ബയൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, താങ്ങാനാവുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക 48 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ദെയ്‌റയിലെ 2 ബെഡ്‌റൂമുകളുള്ള ഫഌറ്റുകള്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ബര്‍ ദുബൈ, വില്ലകള്‍ക്കായി ഡമാക് ഹില്‍സ് 2, മിര്‍ഡിഫ് എന്നിവിടങ്ങളില്‍ താങ്ങാനാവുന്ന വിലയില്‍ വാടക കെട്ടിടങ്ങള്‍ ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷം വില്ല വാടകയിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു. 44 ശതമാനമാണ് വില്ല വാടകയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
2025ഓടെ ദുബൈയിലെ പ്രവാസി ജനസംഖ്യ 4 ദശലക്ഷത്തിലധികം കവിയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലും ഇതിന്റെ വളര്‍ച്ചയും വികാസവുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലിക്കും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമായി ദുബൈ മാറിക്കഴിഞ്ഞിരിക്കുന്നു.