Dubai rta;ദുബായ്: യാത്രാ സൗകര്യമുള്ള സ്ഥലത്ത് താമസിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പെട്ടെന്നൊരാവശ്യം വന്നാൽ എളുപ്പം വണ്ടി കിട്ടുന്ന സ്ഥലമായിരിക്കണം. മാത്രമല്ല ഓഫീസിലും മറ്റും വലിയ ചെലവില്ലാത്ത രീതിയിൽ പോകാനും സാധിക്കണം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) പുതിയ ബസ് പൂളിംഗ് സേവനം ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത് ജനപ്രിയമാകുകയും ചെയ്തു.
‘ഇതൊരു മികച്ച സേവനമാണ്,’- കരാമ നിവാസിയായ താരേക് പ്രതികരിച്ചു. താരേക് ജോലി സ്ഥലത്ത് പോകാൻ ഈ സേവനം ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ‘ആർ ടി എയുടെ സാധാരണ ബസിനേക്കാൾ മികച്ചതാണ് ഇത്, കാരണം നിങ്ങൾ കൃത്യസമയത്ത് ബസ് സ്റ്റോപ്പിൽ എത്തിയില്ലെങ്കിൽ, അടുത്ത ബസിനായി കുറേ സമയം കാത്തിരിക്കണം. എന്നാൽ ഈ സേവനം എന്നെ ഇരുപത് മിനിട്ടിനുള്ളിൽ ഓഫീസിലെത്തിക്കുന്നു. വളരെ ലാഭകരവുമാണ്.’- അദ്ദേഹം പറഞ്ഞു.
2024 ഡിസംബറിലാണ് ബസ് പൂളിംഗ് ആരംഭിച്ചത്. മൂന്ന് കമ്പനികളാണ് സർവീസ് നടത്തുന്നത്. ഇവരുടെ ആപ്പുകൾ വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ മിനി ബസ് എത്തും. ബസ് കാത്തിരിപ്പ് സമയം ലാഭം. ക്യാബിനേക്കാൾ ചെലവ് കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. യാത്ര ചെയ്യാനുള്ള ദൂരം അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകുമെന്ന് ആർ ടി എ നേരത്തെ പ്രഖ്യാപിച്ചിരുന്നു.