എമിറേറ്റിൽ പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്തവർഷം അവസാനത്തോടെ ആരംഭിക്കും. പദ്ധതിക്ക് നേതൃത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷൻ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടാക്സികൾ ഹൃസ്വദൂര യാത്രകൾക്ക് ഉപയോഗപ്രദമായതായിരിക്കും. അടുത്ത വർഷം തുടക്കത്തിൽ ആദ്യ പറക്കും ടാക്സി ലോഞ്ച് ചെയ്യാനും വർഷാവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ ജോബിൻ ബേവിർടിനെ ഉദ്ദരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
സേവനം നടപ്പാക്കുന്നതിന് ജോബി ഏവിയേഷൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയുമായി(ആർ.ടി.എ) ഈ വർഷാദ്യത്തിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 മൈൽ വരെ വേഗത്തിൽ ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുന്നതാണ് കമ്പനിയുടെ എയർ ടാക്സികൾ.
കാറിൽ 45 മിനിറ്റ് യാത്ര ചെയ്യുന്ന ദൂരം 10 മിനിറ്റിൽ എത്താനാകും. മണിക്കൂറിൽ 321കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കാനുമാവും. 2027 ഓടെ യു.എ.ഇയില്‍തന്നെ നിര്‍മിക്കുന്ന എയര്‍ ടാക്സികള്‍ പ്രവർത്തനം തുടങ്ങുമെന്ന് നേരത്തേ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നു.
ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകൽപന ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിർമിക്കുക.
നെക്സ്റ്റ് ജെന്‍ എഫ്.ഡി.ഐ എന്ന പേരിൽ യു.എ.ഇയുടെ നിക്ഷേപ സൗഹാര്‍ദ പദ്ധതിയില്‍ ഒഡീസ് ഏവിയേഷന്‍ ഔദ്യോഗികമായി ചേര്‍ന്നതായും സാമ്പത്തിക മന്ത്രാലയം അറിയിച്ചിരുന്നു. ഇത് യു.എ.ഇയില്‍ 2000 ത്തിലേറെ തൊഴിലവസരങ്ങളുണ്ടാക്കും. യു.എ.ഇയില്‍ നിർമിച്ച ആദ്യ എയര്‍ ടാക്സിയുടെ കയറ്റുമതിയും ഇതിലൂടെ സാധ്യമാകും.