
യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈദ് അല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഈ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്രെ) മാർച്ച് 18 ചൊവ്വാഴ്ച വൈകി പ്രഖ്യാപിച്ചു.

റമദാൻ മാസം 30-ാം ദിവസം അവസാനിക്കുകയാണെങ്കിൽ, അവധി ഏപ്രിൽ രണ്ട് ബുധനാഴ്ച വരെ നീട്ടുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അതിനാൽ, ശവ്വാൽ മാസപ്പിറവിയെ ആശ്രയിച്ചിരിക്കും ഇടവേളയുടെ ദൈർഘ്യം. ഇത് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ വാരാന്ത്യത്തിന് കാരണമാകും.
ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഇത് ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ചായിരിക്കും. യുഎഇയില്‍ മാർച്ച് 29 ന് ചന്ദ്രക്കല നിരീക്ഷിക്കാൻ തുടങ്ങും. അന്ന് വൈകുന്നേരം ചന്ദ്രക്കല കണ്ടാൽ, ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ ഈദ് അവധി ദിവസങ്ങൾ വരും. അതിനാല്‍, നാല് ദിവസത്തെ ഇടവേള (ശനി മുതൽ ചൊവ്വ വരെ) ലഭിക്കും.

Comments (0)