Eid al-Fitr Holiday in UAE;ഈ വര്‍ഷത്തെ ആദ്യത്തെ നീണ്ട അവധിക്കാലമായ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ യുഎഇ നിവാസികള്‍ക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. മാസപ്പിറവി എപ്പോള്‍ ദൃശ്യമാകും എന്നതിനെ ആശ്രയിച്ച് വാരാന്ത്യം ഉള്‍പ്പെടെ അവധി നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കും.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഈദിന് അഞ്ച് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. ഹിജ്‌റ മാസമായ റമദാന് ശേഷം വരുന്ന ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഹിജ്‌റ മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കും. മാസപ്പിറവി എപ്പോള്‍ ദൃശ്യമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
യുഎഇയിലെ മാസപ്പിറവി ദര്‍ശന സമിതി റമദാന്‍ 29 (ശനി, മാര്‍ച്ച് 29) ന് യോഗം ചേരും. അന്നേ ദിവസം മാസപ്പിറവി കാണുകയാണെങ്കില്‍ വിശുദ്ധ റമദാന്‍ 29ന് അവസാനിക്കും. അങ്ങനെയെങ്കില്‍ മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയായിരിക്കും ഈദ് അവധി.
അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ നാല് ദിവസത്തെ അവധിയായിരിക്കും താമസക്കാര്‍ക്ക് ലഭിക്കുക. മാര്‍ച്ച് 29ന് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ റമദാന്‍ 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ഈദിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെ അവധിയായിരിക്കും.
മാര്‍ച്ച് 29 ന് മാസപ്പിറവി ദര്‍ശന സമിതി യോഗം ചേരുമ്പോള്‍ അവധിയെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമാകും.
‘നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ പ്രാദേശിക അധികാരികളെയോ ഔദ്യോഗിക മാസപ്പിറവി ദര്‍ശന സമിതിയെയോ അറിയിക്കുക, ‘മാര്‍ച്ച് 30 ന് വൈകുന്നേരം യുഎഇയില്‍ ഈദ് മാസപ്പിറവി ദൃശ്യമാകുമെന്നും മാര്‍ച്ച് 31 ന് ഈദുല്‍ ഫിത്തര്‍ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’ ജ്യോതിശാസ്ത്ര സംഘം പറഞ്ഞു.
