Miss Universe Stage;ചരിത്രമെഴുതാൻ എമിലിയ, മൂന്ന് കുട്ടികളുടെ അമ്മ; മിസ് യൂനിവേഴ്സ് വേദിയിൽ യുഎഇ സുന്ദരിയെത്തുന്നു
Miss Universe Stage;ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്‍റെ ചരിത്രത്തിലാദ്യമായി യുഎഇ സുന്ദരിയും മത്സരത്തിനെത്തുന്നു. ഒക്ടോബറില്‍ നടന്ന ഒഡീഷനില്‍ മിസ് യൂണിവേഴ്‌സ് യുഎഇ കിരീടം നേടിയ മോഡലും മൂന്ന് കുട്ടികളുടെ അമ്മയുമായ എമിലിയ ഡോബ്രെവ ആഗോള പരിപാടിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും. ഒരു ദശാബ്ദത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന അവർ, ഒരു എമിറാത്തി പുരുഷനെയാണ് വിവാഹം കഴിച്ചത്. നന്നായി അറബി സംസാരിക്കുന്ന അവർ സുന്ദരിയും മിടുക്കിയുമാണെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ യുഎഇയുടെ ദേശീയ ഡയറക്ടറായി നിയമിതയായ പോപ്പി കാപ്പല്ല പറഞ്ഞു.
നവംബര്‍ 16 ന് മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സിന്‍റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാർഥികള്‍ക്കൊപ്പം എമിലിയയെയും കാണും. ദേശീയ വേഷവിധാന റൗണ്ടില്‍, എമിലിയ ഒരു അബായ ധരിക്കും. അത് യുഎഇ പാരമ്പര്യത്തിനുള്ള അംഗീകാരമായി മാറുമെന്നും പോപ്പി കാപ്പല്ല പറഞ്ഞു. അബായയുടെ താഴ്ഭാഗത്ത് രാജ്യത്ത് നിന്ന് എടുത്ത യഥാർഥ മണല്‍ ഉണ്ടായിരിക്കു. അതിന്‍റെ മുകള്‍ ഭാഗം ഈ രാജ്യം കൈവരിച്ച ആധുനികതയെ പ്രതിഫലിപ്പിക്കും. എങ്ങനെയാണ് മണലില്‍ നിന്ന് ഒരു ആധുനിക രാജ്യം കെട്ടിപ്പടുത്തതെന്ന് അത് ലോകത്തിന് കാട്ടിക്കൊടുക്കുമെന്നും അവർ പറഞ്ഞു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നേരത്തേ 18 നും 28 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ മോഡലുകള്‍ക്ക് മാത്രമേ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ, 2023 ല്‍ പ്രായം, ഉയരം, ഭാരം, വൈവാഹിക നില എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് എമിലിയക്ക് മത്സരത്തിന്‍റെ ഭാഗമാവാൻ വഴിയൊരുങ്ങിയത്. യുഎഇയെ കൂടാതെ, മത്സരത്തിലെ ആദ്യത്തെ ഹിജാബി മത്സരാർഥിയായ മിസ് സൊമാലിയ ഉള്‍പ്പെടെ മറ്റ് ഒമ്പത് രാജ്യങ്ങള്‍ ഇത്തവണ അരങ്ങേറ്റം കുറിക്കും.
യുഎഇയുടെ സംസ്‌കാരത്തെ മാനിച്ചുകൊണ്ടായിരിക്കും എമിലിയ മത്സരത്തിൽ പങ്കെടുക്കുകയെന്നും മിസ് യൂണിവേഴ്‌സ് ഇന്തോനേഷ്യ, മിസ് യൂണിവേഴ്‌സ് മലേഷ്യ എന്നിവയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ള പോപ്പി പറഞ്ഞു. അന്താരാഷ്ട്ര മത്സരത്തില്‍ നീന്തല്‍ വസ്ത്ര റൗണ്ടില്‍ എമിലിയ ശരീരം പൂര്‍ണ്ണമായി മൂടിയ, ബുര്‍ക്കിനി എന്നറിയപ്പെടുന്ന നീന്തല്‍ വസ്ത്രമായിരിക്കും ധരിക്കുക. അവളുടെ വസ്ത്രങ്ങളും പ്രാദേശിക സംസ്‌കാരത്തിന് അനുസൃതമായി എളിമയുള്ളതായിരിക്കുമെന്നും അവർ പറഞ്ഞു.
എമിറേറ്റികളും പ്രവാസികളും ഉള്‍പ്പെടെ 1000 ലധികം എന്‍ട്രികളാണ് യുഎഇ സൗന്ദര്യ മത്സരത്തിന് ലഭിച്ചതെന്ന് പോപ്പി പറഞ്ഞു. ഇവരില്‍ നിന്ന് 16 പേരെയാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. എമിറാത്തി മത്സരാർഥികളിലൊരാളായ ഫാത്തിമ ബഹ്മാന്‍ നൗറൂസിയെ വോയ്സ് ഓഫ് ചേഞ്ച് വിഭാഗത്തില്‍ സുവര്‍ണ്ണ ജേതാവായി തെരഞ്ഞെടുത്തിരുന്നു. മിസ് യൂനിവേഴ്സ് മത്സരത്തിൽ എമിലിയക്ക് കുറഞ്ഞത് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പോപ്പി പറഞ്ഞു.
Comments (0)