Emirates lucky draw:എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ ആദ്യമായി 10 കോടി ദിര്‍ഹത്തിന്‍റെ (100 മില്യൻ ) വമ്പന്‍ സമ്മാനം സ്വന്തമാക്കി ഭാഗ്യശാലി. ടൈക്കെറോസ് ലിമിറ്റഡ് ആണ് ആഗോള തലത്തില്‍ പ്രശസ്തമായ എമിറേറ്റ്സ് ഡ്രോയ്ക്ക് പിന്നിൽ. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്പോട്ട് വിജയിക്കാണ് വൻതുക സമ്മാനമായി ലഭിക്കുക. ഗെയിമിലെ ഏറ്റവും വലിയ വ്യക്തിഗത വിജയം കൂടിയാണിത്. മാര്‍ച്ച് 16 ഞായറാഴ്ചയാണ് മെഗാ7 ഗെയിമിലൂടെ ഭാഗ്യശാലി 10 കോടി ദിര്‍ഹത്തിന് അര്‍ഹനായത്. എമിറേറ്റ്സ് ഡ്രോയുടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ആഗോള വിജയത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലായി മാറുകയാണ് ഈ നേട്ടം.

ഗെയിമിലെ ഏഴ് സംഖ്യകളും യോജിച്ച് വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനം സ്വന്തമാക്കി കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഭാഗ്യശാലി.
‘ഇത് ശരിക്കും ഒരു ചരിത്ര നിമിഷം തന്നെയാണ്. എമിറേറ്റ്സ് ഡ്രോയ്ക്കും ഉപഭോക്താക്കള്‍ക്കും ആഗോള തലത്തില്‍ ആഘോഷത്തിന് അവസരമൊരുക്കിയ നിമിഷമാണിത്. ജാക്പോട്ട് വിജയിക്കും മറ്റ് എല്ലാ ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്കും അഭിനന്ദനങ്ങള്‍. ആളുകളുടെ ജീവിതങ്ങളില്‍ പോസിറ്റീവായ മാറ്റം കൊണ്ടു വരികയെന്നതാണ് ആദ്യ ദിവസം മുതലുള്ള ഞങ്ങളുടെ ലക്ഷ്യം. 100 മില്യൻ ദിര്‍ഹത്തിന്‍റെ വിജയം ഇതിനൊരു തെളിവാണ്. ജാക്പോട്ട് നേട്ടം ആരെങ്കിലും സ്വന്തമാക്കുമെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുകയാണ്’ – ടൈക്കെറോസിന്‍റെ കൊമേഴ്സ്യൽ മേധാവി പോള്‍ ചാഡെര്‍ പറഞ്ഞു.
