Employment loss insurance:യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കല്‍ ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്കു മാത്രം;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Employment loss insurance:ദുബായ്: ദുബായില്‍ പൊടുന്നനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ഐഎല്‍ഒഇ) ഇന്‍ഷുറന്‍സ് പദ്ധതി ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഒരു വര്‍ഷത്തേക്ക് പദ്ധതി പുതുക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഓര്‍മിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് അയക്കുന്ന മൊബൈല്‍ സന്ദേശത്തില്‍ രണ്ട് വര്‍ഷത്തേക്ക് പുതുക്കണമെന്ന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.ഇന്‍ഷുറന്‍സ് സബ്സ്‌ക്രിപ്ഷന്‍ പുതുക്കുന്നതിനുള്ള വഴികളും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎല്‍ഒഇ വെബ്സൈറ്റായ www.iloe.ae സന്ദര്‍ശിച്ച് ‘ഇവിടെ സബ്സ്‌ക്രൈബ് ചെയ്യുക/പുതുക്കുക’ എന്ന ഐക്കണില്‍ ക്ലിക്കുചെയ്യണം. അതില്‍ നിങ്ങളുടെ തൊഴില്‍ വിഭാഗം തിരഞ്ഞെടുത്ത് എമിറേറ്റ്സ് ഐഡിയും മൊബൈല്‍ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി ഒറ്റത്തവണ പാസ്വേഡ് (ഒടിപി) മൊബൈലില്‍ എസ്എംഎസ്സായി ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ സ്ര്കീനില്‍ തെളിയുന്ന ഡാഷ്ബോര്‍ഡില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് വിഭാഗം, വ്യക്തിഗത വിവരങ്ങള്‍ എന്നിവ നല്‍കിയ ശേഷം പ്രീമിയം അടയ്ക്കാം

ഉദാഹരണമായി നിങ്ങള്‍ കാറ്റഗറി എയില്‍ പെടുന്ന ജീവനക്കാരനാണെങ്കില്‍, രണ്ട് വര്‍ഷത്തേക്ക് ആകെ ചെലവ് ഏകദേശം 126 ദിര്‍ഹം ആയിരിക്കും. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കി പണമടയ്ക്കാം. പേയ്മെന്റ് വിജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. അല്‍ അന്‍സാരി എക്സ്ചേഞ്ച് ശാഖകളിലോ ഐഎല്‍ഒഇ സേവന കേന്ദ്രങ്ങളിലോ (തവ്ജീഹ്, തസ്ജീല്‍) നിങ്ങളുടെ ഇന്‍ഷൂറന്‍സ് സബ്സ്‌ക്രിപ്ഷന്‍ പണം നല്‍കിയും പുതുക്കാം.

രാജി, അച്ചടക്ക നടപടി എന്നിവ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പദ്ധതിയാണ് ഐഎല്‍ഒഇ. യോഗ്യരായ തൊഴിലാളികള്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ പ്രതിമാസ പണ ആനുകൂല്യം ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെടുന്നതിന് മുമ്പുള്ള അവസാന ആറ് മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുക. തൊഴിലാളി കുറഞ്ഞത് 12 മാസമെങ്കിലും തുടര്‍ച്ചയായി പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍, പരമാവധി മൂന്ന് മാസത്തേക്ക് സഹായ ധനം ലഭിക്കും.

അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ലഭിക്കുന്ന ജീവനക്കാരാണ് കാറ്റഗറി എ വിഭാഗത്തില്‍ ഉല്‍പ്പെടുക. അവരുടെ പ്രീമിയം പ്രതിമാസം 5 ദിര്‍ഹമും അതിനുള്ള വാറ്റ് നികുതിയും അടങ്ങിയതായിരിക്കും. ഇവര്‍ക്ക് ഒരു ക്ലെയിമിന് മൂന്ന് മാസം വരെ പ്രതിമാസം 10,000 ദിര്‍ഹം വരെ നഷ്ടപപരിഹാരം ലഭിക്കും. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമിന് മുകളിലുള്ളവരാണ് കാറ്റഗറി ബി. പ്രതിമാസം 10 ദിര്‍ഹമും വാറ്റുമാണ് ഇവര്‍ പ്രീമിയം നല്‍കേണ്ടത്. ഇവര്‍ക്ക് പ്രതിമാസം 20,000 ദിര്‍ഹം വരെ മൂന്നു മാസത്തേക്ക് നഷ്ടപരിഹാരം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top