Exchange rate in uae: അബുദാബി ∙ രൂപയുടെ മൂല്യത്തകർച്ചയിൽ മെച്ചപ്പെട്ട വിനിമയ നിരക്ക് ലഭ്യമായിട്ടും പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 11 ദിവസം ശേഷിക്കുന്നതിനാലാണ് വിനിമയ നിരക്കിന്റെ ആനുകൂല്യം നഷ്ടമാകുന്നത്. ഒരു യുഎഇ ദിർഹത്തിന് ഇന്നലെ യുഎഇയിലെ പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് 22 രൂപ 79 പൈസ. കഴിഞ്ഞ ആഴ്ച ഒരു ദിർഹത്തിന് 22.86 രൂപ വരെയായി ഉയർന്നിട്ടും എക്സ്ചേഞ്ചുകളിൽ കാര്യമായ ചലനമുണ്ടായില്ല.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്ന് രാജ്യാന്തര വിപണിക്ക് അവധിയായതിനാൽ നാളെ രാവിലെ 10 വരെ ഈ നിരക്കിൽ പണം അയയ്ക്കാം. ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്ക് 25% വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിനിമയ സ്ഥാപന അധികൃതർ സൂചിപ്പിച്ചു. ഇതേസമയം സ്വരുക്കൂട്ടിവച്ച തുക ഉയർന്ന നിരക്ക് ലഭിക്കുന്ന മുറയ്ക്ക് അയയ്ക്കുന്നവരെ എക്സ്ചേഞ്ചുകളിൽ കാണാമായിരുന്നു. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും അയയ്ക്കുന്നവരുമുണ്ട്.
ഡോളറും സ്വർണവും ശക്തിപ്രാപിക്കുന്നതിനാൽ രൂപ ഇനിയും തകരാൻ സാധ്യതയുണ്ടെന്നും അൽപംകൂടി കാത്തിരുന്നാൽ മികച്ച നിരക്ക് ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചു. എന്നാൽ വായ്പയെടുത്തോ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചോ അയയ്ക്കുന്നത് ഗുണകരമാകില്ലെന്നും സൂചിപ്പിച്ചു. അമേരിക്ക പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി യുഎഇയിലെ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുകയാണ്. ഇത് പ്രവാസികൾക്ക് ഗുണകരമാകും.
കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുക വഴി ഇന്ത്യയിലേക്ക് പണമൊഴുക്ക് കൂടാൻ സാധ്യതയുണ്ട്. വിനിമയ നിരക്കിലെ ആനുകൂല്യം പ്രയോജനപ്പെടുത്തി ലഭിക്കുന്ന അധിക തുക നാട്ടിലെ വായ്പ ഉൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനാണ് പലരും വിനിയോഗിക്കുന്നത്.