Exchange rate in uae;യുഎഇയിൽ ഇന്നലെ വിവിധ ഓൺലൈൻ ആപ്പുകളിൽ ഒരു ദിർഹത്തിന് 23.47 രൂപ ലഭിച്ചു. രാജ്യാന്തര വിനിമയ നിരക്കിൽ തന്നെ അധിക പണച്ചെലവില്ലാതെ അയയ്ക്കാമെന്നതാണ് ഓൺലൈൻ ഇടപാടിന് പ്രിയമേറുന്നത്. ഫോണിൽ ഈ സൗകര്യം ഇല്ലാത്തവർ വരെ സുഹൃത്തുക്കൾ വഴി പണം അയയ്ക്കുന്നു. അയച്ച ഉടൻ പണം അക്കൗണ്ടിൽ ക്രെഡിറ്റാകുന്നതും മറ്റൊരു നേട്ടമാണ്.
വിവിധ എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.30 രൂപയാണ് നൽകിയത്. സ്മാർട് ഫോൺ സൗകര്യമില്ലാത്തവർ എക്സ്ചേഞ്ചുകളിൽ പോയി പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുകയായിരുന്നു. കുറഞ്ഞ തുക അയയ്ക്കാനും 23 ദിർഹം സർവീസ് ചാർജ് നൽകണമെന്നതുമാണ് ബുദ്ധിമുട്ടെന്ന് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ സൂചിപ്പിച്ചു.
സേവന നിരക്കിനത്തിൽ മാത്രം 539 രൂപ നഷ്ടമാകുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇതേസമയം ഇടപാടിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ എക്സ്ചേഞ്ചുകൾക്ക് സാധിക്കുമെന്നത് നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടി. മൂല്യത്തകർച്ച തുടർന്നാൽ ഒരു ദിർഹത്തിന് 24 രൂപ കിട്ടുന്ന കാലം വിദൂരമല്ല.
മികച്ച നിരക്കിൽ പണമയച്ച് നാട്ടിൽ എടുത്ത വായ്പ ഒന്നിച്ചടയ്ക്കാൻപറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചു. എന്നാൽ വായ്പയെടുത്തോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.
ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്കിലും ആനുപാതിക വർധനയുണ്ട്. ഇവിടങ്ങളിലെയും ധനവിനിമയ സ്ഥാപനങ്ങൾ 10 മുതൽ 25 പൈസ വരെ കുറച്ചാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
ജിസിസി വിനിമയ നിരക്ക് (രൂപയിൽ)
യുഎഇ ദിർഹം 23.47
സൗദി റിയാൽ 22.96
ഖത്തർ റിയാൽ 23.54
ഒമാൻ റിയാൽ 224.14
ബഹ്റൈൻ ദിനാർ 228.81
കുവൈത്ത് ദിനാർ 279.40