Expat arrest; കൊലപാതകം നടത്തിയ ശേഷം ദുബായില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്ന് പാകിസ്താനികള്‍ പിടിയിലായി. ദുബായിലെ ഉമ്മുല്‍ റമൂല്‍ ഏരിയയില്‍ നടന്ന കൊലപാതക കേസില്‍ പ്രതികളായ മൂന്നു പേരാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാനായി യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
2024 മാര്‍ച്ച് 26 ന് അല്‍ റാഷിദിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി പോലിസ് കണ്ടെത്തിയിരുന്നതായി കോടതി രേഖകള്‍ പറയുന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിനു ശേഷം, യുഎഇ പോലിസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ഒമാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ റോഡ് മാര്‍ഗമാണ് ഇവര്‍ രക്ഷപ്പെട്ടത്.
ഔദ്യോഗിക ചെക്ക്പോസ്റ്റുകള്‍ മറികടക്കുന്നതിനായി മറ്റൊരാള്‍ ഓടിച്ച ട്രക്കില്‍ ഒളിച്ചിരുന്ന് ഇവര്‍ ഒമാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. ചരക്കുകളുമായി പോകുന്ന ട്രക്ക് എന്നു കരുതി വിശദമായ പരിശോധന പോലിസ് നടത്തിയിരുന്നില്ല.എന്നാല്‍, ഒമാനി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറാനുള്ള ഇവരുടെ ശ്രമം പാളിയത്.
ഒമാന്‍ അതിര്‍ത്തി പോലിസിന്റെ നേതൃത്വത്തില്‍ ട്രക്കില്‍ നടന്ന പരിശോധനയില്‍ മൂന്നു പേര്‍ പിടിക്കപ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ക്ക് ദുബായില്‍ നടന്ന കൊലപാതകക്കേസുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ പിടികൂടി 2024 ഏപ്രില്‍ 8ന് ദുബായ് പോലീസിന് കൈമാറുകയായിരുന്നു.
25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്ന് പോലിസ് അറിയിച്ചു. വിദേശികളുടെ അനധികൃത പുറത്തുകടക്കലും പ്രവേശനവും സംബന്ധിച്ച 2021 ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 29 പ്രകാരം ഇവര്‍ക്കെതിരേ കോടതി ശിക്ഷ വിധിച്ചു. അനധികൃതമായി രാജ്യത്തിന് പുറത്തുകടന്നതിന് ഒരു മാസത്തെ തടവും നാടുകടത്തലുമാണ് മൂന്നു പേര്‍ക്കുമെതിരേ കോടതി വിധിച്ചത്.
പോലിസിന്റെ ചോദ്യം ചെയ്യലില്‍ ഔദ്യോഗിക ചെക്ക്പോസ്റ്റുകള്‍ മറികടന്ന് അനധികൃതമായി രാജ്യം വിട്ടതായും കൊലപാതകത്തില്‍ തങ്ങള്‍ക്ക് നേരിട്ട് പങ്കെടുത്തതായും പ്രതികള്‍ സമ്മതിച്ചു. വീഡിയോ ലിങ്ക് വഴി ഓണ്‍ലൈനായിട്ടായിനടത്തിയ കോടതി വിചാരണയിലും പ്രതികള്‍ കുറ്റം സമ്മതിച്ചു.