expat dead:റാസൽഖൈമ: സ്ട്രോക്ക് മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായി റാസൽഖൈമ സഖർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എടപ്പാൾ വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി അത്താണി പറമ്പിൽ രതീഷ് (41) അന്തരിച്ചു. ഈ മാസം 14നാണ് രതീഷിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ അഭ്യർത്ഥിച്ച് പൊന്നാനി എം.പി ഡോ. അബ്ദുസ്സമദ് സമദാനി ഇന്ത്യൻ എംബസിക്ക് കത്തയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ ചികിത്സ നൽകിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അന്തരിച്ച രതീഷിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി 10.30ന് ഷാർജ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച സംസ്കരിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റാസൽഖൈമ കെ.എം.സി.സി തവനൂർ മണ്ഡലം സെക്രട്ടറിയും റെസ്ക്യൂ വിഭാഗം കൺവീനറും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ട്രഷററുമായ ഫൈസൽ പുറത്തൂരിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.
കഴിഞ്ഞ രണ്ടര വർഷമായി റാസൽഖൈമയിൽ ഒരു ബാർബർ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു രതീഷ്. അത്താണി പറമ്പിൽ വാസു-തങ്ക ദമ്പതികളുടെ മകനാണ്. ഭാര്യ: റിൻസി. മക്കൾ: അമേഗ (13), അമന്യ (6).
