ഷാർജയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ 2024 മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ് (28) മരിച്ചതായി കഴിഞ്ഞ ദിവസം അച്ഛനായ തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിനെ ഷാർജ പോലീസ് അറിയിച്ചു. തന്റെ മകൻ ജിത്തു സുരേഷിനെ ഷാർജയിൽ നിന്ന് 5 മാസമായി കാണാനില്ലെന്ന് പിതാവ് സുരേഷ് കുമാർ ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പോലീസിലും കേന്ദ്രമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ജിത്തുവിനെ കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിന്റെ സ്‌റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നും, മൃതദേഹം അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പോലീസ് അറിയിച്ചതായി പിതാവ് സുരേഷ് പറഞ്ഞു.
എന്നാൽ മൃതദേഹം മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അജ്‌ഞാത ജഡമെന്ന പേരിൽ പോലീസ് സംസ്കരിച്ചിരുന്നു. തുടർന്ന് സുരേഷിൻ്റെയും ജിത്തുവിന്റെയും DNA പരിശോധിച്ചപ്പോഴാണ് അജ്‌ഞാത ജഡമെന്ന പേരിൽ സംസ്കരിച്ചത് തന്റെ മകനെയാണെന്ന് സുരേഷ് തിരിച്ചറിഞ്ഞത്. മരണാനന്തര കർമങ്ങൾക്കായി സുരേഷ് നാട്ടിലേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.
മകനെ കാണാതായതിനെ തുടർന്ന് സുരേഷിനോടൊപ്പം അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിന് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ 20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. നേരത്തെ അബുദാബി ടാക്സിയിൽ ഡ്രൈവറായിരുന്നു. മൂത്ത മകൻ ജിത്തു ബിബിഎ എയർപോർട് മാനേജ്മെൻ്റ് ആണ് പഠിച്ചത്.
മകനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സുരേഷിന് ജിത്തുവിന്റെ കൂട്ടുകാരനിൽ നിന്നൊരു ഫോൺ കോൾ ലഭിക്കുന്നത്. വിവരമറിഞ്ഞയുടൻ സുരേഷ് ഷാർജയിലേയ്ക്ക് പോയി ബന്ധുക്കളോടും കൂട്ടുകാരോടും അന്വേഷിച്ചെങ്കിലും ആർക്കും ഒരു വിവരവുമില്ലായിരുന്നു. തുടർന്ന് ഷാർജ അൽ ഗർബ പൊലീസിൽ പരാതി നൽകി. അതോടെ അവരും അന്വേഷണം ആരംഭിച്ചിരുന്നു.