യുഎഇയിലെ അപാർട്മെന്റിൽ പ്രശസ്ത തെലുങ്ക് സിനിമാ നിർമാതാവും സംരംഭകനുമായ കേദാർ സെലഗാം ഷെട്ടി (42)യെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ജുമൈറ ലേക് ടവേഴ്‌സിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്.വി റെഡ്ഡി അറിയിച്ചു.

റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മകളോടൊപ്പമാണ് താമസിച്ചിരുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേദാർ, ആനന്ദ് ദേവരകൊണ്ടയുടെ ‘ഗം ഗം ഗണേശ’ ഉൾപ്പെടെ നിരവധി തെലുങ്ക് സിനിമകൾ നിർമിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.