Expat missing; ഏഴുമാസമായി കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് ശനിയാഴ്ച ദുബായ് പോലീസ് അധികൃതരാണ് അഖിലിനെ കണ്ടെത്തിയതെന്ന് മാതാപിതാക്കളായ സുരേഷും പ്രസന്നകുമാരിയും അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മകനെ അന്വേഷിക്കാനായി അഖിലിന്റെ പിതാവ് സുരേഷ് ദിവസങ്ങളോളം യുഎഇയിലുണ്ടായിരുന്നു. അഖിലിനെ തിരിച്ചുകിട്ടിയതിൽ ദുബായ് പോലീസ് അധികൃതരോട് നന്ദി ഉണ്ടെന്ന് സുരേഷ് പങ്കുവെച്ചു. എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അഖിൽ. കഴിഞ്ഞ ഏപ്രിൽ മുതലാണ് അഖിലിനെ കാണാതായത്. അഖിലിനെ കണ്ടെത്താൻ സുരേഷ് ദുബായ് പോലീസ്, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ പരാതി സമർപ്പിച്ചിരുന്നു.
ദുബായ് പോലീസിന്റെ നിർദേശത്തിൽ കുറ്റാന്വേഷണ വിഭാഗത്തിനും പരാതിയും സമർപ്പിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയോടും മകനെ കണ്ടെത്താൻ സഹായം അഭ്യർഥിച്ചിരുന്നു. മകൻ ജോലി ചെയ്ത കമ്പനി, താമസസ്ഥലം, അഖിലിന്റെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും താമസയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം സുരേഷ് അന്വേഷിച്ചെത്തിയിരുന്നു. മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരുപ്രാവശ്യം മാത്രമാണ് അഖിൽ നാട്ടിലേക്കുപോയത്.
താൻ ജോലി അന്വേഷിച്ച് പലയിടങ്ങളിലും അലയുകയായിരുന്നെന്നും അതിനിടയിൽ അജ്മാനിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ലഭിച്ചെന്നും അഖിൽ പറഞ്ഞു. അവിടെ നിന്നാണ് അഖിൽ നാട്ടിലേക്ക് പോകാനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊതുമാപ്പ് കേന്ദ്രത്തിലെത്തിയത്. അഖിലിനെ പൊതുമാപ്പ് ആനുകൂല്യത്തിന്റെ സഹായത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായിലെ സാമൂഹികപ്രവർത്തകർ.