Uae fake calls;അബുദാബി: വിസ പുതുക്കൽ തട്ടിപ്പ് കോളുകൾ, സൗജന്യ താമസം മുന്നോട്ടുവയ്ക്കുന്ന തൊഴിൽ വാഗ്ദാനങ്ങൾ തുടങ്ങിയവയായിരുന്നു തൊഴിൽ തട്ടിപ്പുകാർ അടുത്തിടെവരെ പ്രവാസികൾ അടക്കമുള്ള തൊഴിലന്വേഷകരെ കുടുക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോഴിതാ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിച്ചുള്ള തൊഴിൽ തട്ടിപ്പാണ് വ്യാപകമാവുന്നത്. എഐ ഡീപ്പ്‌ഫേക്കിന്റെ സഹായത്തോടെ വിശ്വസനീയമായവരുടെ ശബ്ദം അനുകരിച്ചുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് യുഎഇയിലെ വിദഗ്ദ്ധർ നൽകുന്നത്.

വ്യാജ സർക്കാർ പോർട്ടലുകൾ നിർമിച്ച് ഫിഷിംഗ് ഇമെയിലുകളിലൂടെ വിവരങ്ങൾ ചോർത്തുന്നു. റംസാൻ, ഈദ് പോലുള്ള ഉത്സവകാലങ്ങളിൽ വ്യാജ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും പണം തട്ടുന്നു. സർക്കാർ സ്ഥാപനങ്ങളുടെയും എത്തിസലാത്ത് പോലുള്ള ടെലികോം ദാതാക്കളുടെയും പേരിൽ ഡീപ്പ്‌ഫേക്കിന്റെ സഹായത്തോടെ പണം തട്ടുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്.
സർക്കാർ അധികൃതർ എന്ന പേരിൽ വരുന്ന കോളുകളിൽ ജാഗ്രത പുലർത്തണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൺസ്യൂമർ റൈറ്റ്സ് പ്രൊട്ടക്ഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഒരു സംഘം കഴിഞ്ഞദിവസം അറസ്റ്റിലായതിന് പിന്നാലെയാണിത്.
ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും പ്രവാസികളാണ് ഇരയാകുന്നതെന്ന് തൊഴിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. പ്രാദേശിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള പരിചയക്കുറവ് പ്രവാസികൾ തട്ടിപ്പിനിരയാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. യുഎഇയിലെ ഉപഭോക്താക്കളിൽ പകുതിയോളം (49 ശതമാനം) പേരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിസ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതിൽ 15 ശതമാനം പേർ പലതവണ ഇരകളായിട്ടുണ്ട് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
