Expt missing case; കാണാതായ ഭർത്താവിനെ തേടി അങ്ങ് കടൽ കടന്ന് യുഎഇയിലെത്തി; ഒടുവിൽ പ്രിയതമനെ കണ്ടെത്തിയത് ഇങ്ങനെ;ആ കാഴ്ച ആരുടെയും കണ്ണീരണിയിക്കും

Expat missing case: ദുബായ്∙ എല്ലാത്തരം വിഭാഗീയതകളുടെയും അതിരുകൾ മായുന്ന യുഎഇയിൽ  മാനുഷികതയുടെ പ്രകാശം പരത്തിയ മറ്റൊരു സംഭവം കൂടി.  മൂന്നര വർഷം മുൻപ്  യുഎഇയില്‍ കാണാതായ ഭർത്താവിനെ തിരഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ ഭാര്യക്ക് ഒടുവിൽ അയാളെ കണ്ടെത്താനായത് പാക്കിസ്ഥാനികളുടെ സംരക്ഷണത്തിലിരിക്കെ. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ദുബായിൽ നിർമാണ തൊഴിലാളിയായിരുന്ന ഗുജറാത്ത് സ്വദേശി സഞ്ജയ് മോത്തിലാൽ പർമാറി(53)ന്‍റെ ഗുജറാത്തിലെ കുടുംബവുമായുള്ള ബന്ധം ഒരു ദിവസവും പൊടുന്നനെ ഇല്ലാതാവുകയായിരുന്നു. ഇയാള്‍ അവസാനമായി ബന്ധപ്പെട്ടത് 2021 മാർച്ചിൽ. പിന്നെ യാതൊരു വിവരവുമില്ലായിരുന്നു. ഭാര്യ കോമളും മകൻ ആയുഷും എംബസി വഴിയും ഇവിടെയുള്ള നാട്ടുകാരുടെയും മറ്റും സഹായത്തോടെയും ഒരുപാട് അന്വേഷണം നടത്തി. ഫലമില്ലെന്നായപ്പോൾ കഴിഞ്ഞ ദിവസം കോമളും ആയുഷും യുഎഇയിൽ നേരിട്ടെത്തി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ്  അബുദാബിയിൽ രണ്ടു പാക്കിസ്ഥാനികളോടൊപ്പം സഞ്ജയ് കഴിയുന്നുണ്ട് എന്ന വിവരം ലഭിക്കുന്നത്. 

ഉടൻ തന്നെ കോമളും ആയുഷും അബുദാബിയിലെത്തി. കുടുംബത്തിന്‍റെ പുനസംഗമം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു. ചിലർ സാമ്പത്തികമായി പറ്റിച്ചതിനെ തുടർന്ന് കട ബാധ്യതയായതോടെ മാനസികമായി തകർന്നുപോവുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു.  കുറേക്കാലം തെരുവിൽ കഴിയേണ്ടിവരികയും അതിനിടയിൽ വീസ കാലാവധിയും കഴിയുകയും ചെയ്തു. ഒരു ഗതിയുമില്ലാതെ നടക്കുന്നതിനിടയിലാണ് സഞ്ജയിനെ പാക്കിസ്ഥാനി സഹോദരങ്ങളായ മുഹമ്മദ് നദീമും അലി ഹസ്നൈനും താമസവും ഭക്ഷണവും കൊടുത്ത് കൂടെക്കൂട്ടിയത്. അലിയും മുഹമ്മദും ഇറച്ചിഭക്ഷണം കഴിക്കുന്നതിനാൽ സഞ്ജയിന് പ്രത്യേക അടുക്കള പോലും ഒരുക്കിക്കൊടുത്തു. അവർ സഹോദരങ്ങളെപ്പോലെ കഴിഞ്ഞു. 

വിശ്വാസങ്ങൾ രണ്ടാണെങ്കിലും തന്നെ  മുഹമ്മദ് നദീമും അലി ഹസ്നൈനും   കുടുംബത്തിലെ അംഗം പോലെ പരിഗണിച്ചുവെന്ന് സഞ്ജയ് പറഞ്ഞു. യുഎഇയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാർ ഇത്തരത്തിൽ ഒരുമയോടെ കഴിയുന്നു എന്ന് നേരിട്ട് ബോധ്യപ്പെട്ടെ കോമളിന് അതെല്ലാം പുതിയ അറിവായിരുന്നു. നഷ്ടപ്പെട്ടുപോയെന്ന് ഭയന്നിരുന്ന ഭർത്താവിനെ കണ്ടുകിട്ടിയ സന്തോഷത്തോടൊപ്പം ഇത്തരം മാനുഷികമായ കാഴ്ചകൾ അവരുടെയും ആയുഷിന്‍റെയും മനസ്സ് നിറച്ചു.

ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച സഞ്ജയ് മോത്തിലാൽ പർമാറിനും കുടുംബത്തിനും നല്ലൊരു വെജിറ്റേറിയൻ പാർട്ടി നൽകിയാണ്   മുഹമ്മദ് നദീമും അലി ഹസ്നൈനും വിട പറഞ്ഞത്. യാത്രാ രേഖകൾ ശരിയായാലുടൻ ഭാര്യയോടും മകനോടുമൊപ്പം നാട്ടിലേയ്ക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top